സമാധാന നൊബേലിന് വേണ്ടിയല്ല; ഇത് എന്റെ ദൗത്യമായിരുന്നു: ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ കുറിച്ച് ട്രംപ്

സമാധാനത്തിലേക്കുള്ള ആദ്യഘട്ടമായി ഗസയിൽ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ കൈമാറി ഹമാസ്. രണ്ടായിരത്തോളം വരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു തുടങ്ങി. അതിനിടെ സമാധാന നൊബേലിന് വേണ്ടിയല്ല ഇത് തന്റെ ദൗത്യമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിലെ സന്ദർശക പുസ്കത്തിൽ എഴുതി. ഇസ്രയേൽ പാർലമെന്റായ നെസറ്റിനെ ട്രംപ് അഭിസംബോധന ചെയ്‌തു. അസാധാരണമായ ധൈര്യവും ദേശസ്നേഹവുമുള്ള പ്രധാനമന്ത്രിയാണ് നെതന്യാഹു എന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ വരും ദിവസങ്ങൾ സമാധാനത്തിന്റേതാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. എല്ലാ ബന്ദികളെയും വീട്ടിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അത് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ദൃഢനിശ്ചയവും പ്രസിഡന്റ് ട്രംപിന്റെയും സംഘത്തിന്റെയും അവിശ്വസനീയമായ സഹായവും ഇസ്രായേൽ സൈനികരുടെ അവിശ്വസനീയമായ ത്യാഗവും ധൈര്യവും കൊണ്ട് ഞങ്ങൾ ആ വാഗ്ദാനം നിറവേറ്റുകയാണ് നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്രയേൽ പരമോന്നത ബഹുമതി ഇസ്രയേൽ പ്രൈസ് ട്രംപിന് നൽകും. വൈകിട്ട് ഈജിപ്തിൽ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ലോക നേതാക്കൾ പങ്കെടുക്കും.
അതേസമയം, ഇരുട്ടറയിലെ 737 ദിവസത്തെ ദുരിത ജീവിതത്തിനൊടുവിലാണ് പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്കുള്ള ബന്ദികളുടെ മടക്കം. ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെയാണ് വടക്കന്‍ ഗസയില്‍ ഏഴ് ഇസ്രയേലി ബന്ദികളെ ഹമാസ് റെഡ്ക്രോസിന് കൈമാറിയത്. പിന്നീട് തെക്കന്‍ ഗസയില്‍ 13 ബന്ദികളേയും കൈമാറി. ഇരുപത് പേരെയും ഇസ്രയേലിലെ ആശുപത്രികളിലേക്കാണ് എത്തിക്കുന്നത്. ബന്ദി കൈമാറ്റം പൂര്‍ത്തിയായപ്പോള്‍ ടെല്‍ അവീവിലെ ഹോസ്റ്റേജസ് സ്‌ക്വയറില്‍ ആഹ്ലാദാരവം.ഗസയിൽ തടവിലാക്കിയ ഇരുപത് ഇസ്രയേലി ബന്ദികളെ ഹമാസ് കൈമാറി. രണ്ടായിരത്തോളം വരുന്ന പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിച്ചു. ഇസ്രയേലിലും ഗസയിലും പ്രിയപ്പെട്ടവരെ സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്.