സമാധാന ചർച്ചകൾ പരാജയപ്പെട്ടു; അമേരിക്ക വിറയ്ക്കും, പുതിയ ആയുധം ഉടൻ: മുന്നറിയിപ്പുമായി ഇറാൻ
അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താതെ നീളുന്നതിനിടെ, ശത്രുരാജ്യങ്ങൾ ഭയക്കുന്ന അതിശക്തമായ പുതിയ ആയുധം ഉടൻ വെളിപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാന്റെ പുതിയ നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഇറാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രകോപനപരമായ നീക്കം ഉണ്ടായിരിക്കുന്നത്.
ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ വിന്യസിച്ചിരിക്കുന്ന ഒരു ആയുധമായിരിക്കും ഇതെന്ന് ഇറാന്റെ നേവി കമാൻഡർ ഷഹ്‌റാം ഇറാനി വ്യക്തമാക്കി. വളരെ പെട്ടെന്നുതന്നെ ഈ ആയുധവുമായി ഞങ്ങൾ ശത്രുക്കളെ നേരിടുമെന്നും, അത് കാണുമ്പോൾ അവർക്ക് ഹൃദയാഘാതം ഉണ്ടാകാതിരുന്നാൽ മതിയെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.
യുദ്ധം ഒരു തമാശയായി മാറുന്നു
ഇറാനെതിരെയുള്ള യുദ്ധത്തിൽ വളരെ വേഗത്തിൽ വിജയം കൈവരിക്കാമെന്ന ശത്രുക്കളുടെ മോഹം വെറും തമാശയായി മാറിയിരിക്കുകയാണെന്ന് ഇറാൻ സൈന്യം പരിഹസിച്ചു. മൂന്ന് ദിവസം മുതൽ ഒരാഴ്ചയ്ക്കുള്ളിൽ ഇറാനെ കീഴടക്കാമെന്നാണ് ശത്രുക്കൾ കരുതിയിരുന്നത്. എന്നാൽ സൈനിക സർവ്വകലാശാലകളിൽ ഇപ്പോൾ ഇതൊരു തമാശയായാണ് പറയപ്പെടുന്നതെന്ന് നേവി കമാൻഡർ കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-ന് സംഘർഷം രൂക്ഷമായതിന് ശേഷം പശ്ചിമേഷ്യയിലെ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കൻ, ഇസ്രായേൽ ലക്ഷ്യങ്ങൾക്ക് നേരെ ഇറാൻ സായുധ സേന നൂറിലധികം തിരിച്ചടികൾ നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. മേഖലയിലെ അതീവ സുരക്ഷയുള്ള സൈനിക കേന്ദ്രങ്ങളെയാണ് ഈ ആക്രമണങ്ങൾ ലക്ഷ്യമിട്ടത്.
അമേരിക്കയുടെ നിർബന്ധബുദ്ധിക്ക് എൻ്റെ നൽകും
അമേരിക്കയുടെ നിർബന്ധബുദ്ധിയും വ്യാമോഹങ്ങളും തുടരുകയും ഇറാന്റെ നിബന്ധനകൾ തള്ളുകയും ചെയ്താൽ, തികച്ചും വ്യത്യസ്തമായ പ്രതികരണം ശത്രുക്കൾ പ്രതീക്ഷിക്കേണ്ടി വരുമെന്ന് കമാൻഡർ മുന്നറിയിപ്പ് നൽകി. നാവികാക്രമണങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് അമേരിക്ക മേഖലയിൽ കൂടുതൽ ഡിസ്ട്രോയറുകളും മിസൈൽ പ്ലാറ്റ്‌ഫോമുകളും വിന്യസിച്ചിട്ടുണ്ടെങ്കിലും അവരുടെ നീക്കങ്ങൾ ഇപ്പോഴും സ്തംഭനാവസ്ഥയിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചർച്ചകൾ വഴിമുട്ടുന്നു
ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ചൊവ്വാഴ്ചയും പ്രതിസന്ധിയിലായി. യുദ്ധം അവസാനിക്കുന്നത് വരെയും സമുദ്ര തർക്കങ്ങൾ പരിഹരിക്കുന്നത് വരെയും തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ മാറ്റിവെക്കണമെന്ന ഇറാന്റെ നിർദ്ദേശം ഡൊണാൾഡ് ട്രംപ് തള്ളി. എന്നാൽ ആണവ പ്രശ്നങ്ങൾ ചർച്ചയുടെ തുടക്കം മുതൽ തന്നെ പരിഗണിക്കണമെന്ന വാശിയിലാണ് വാഷിംഗ്ടൺ. ചർച്ചകൾ പരാജയപ്പെട്ടത് മേഖലയിൽ വീണ്ടും യുദ്ധഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.
