ഗാസ സിറ്റിയിൽ നിന്ന് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് നിർദേശം; ആക്രമണവും കടുപ്പിച്ച് ഇസ്രായേൽ

ഗാസയിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റിയിലുള്ളവരോട് ഒഴിഞ്ഞു പോകാൻ നിർദേശം നൽകി ഇസ്രായേൽ സൈന്യം. വടക്കൻ ഭാഗത്തുള്ളവർ ഖാൻ യൂനിസിലേക്ക് മാറണമെന്നാണ് നിർദേശം. ഭക്ഷണവും വൈദ്യസഹായവും താമസ സൗകര്യവും ഇവർക്ക് ലഭ്യമാക്കുമെന്ന് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു. ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ഇസ്രായേൽ സൈന്യത്തിന്റെ നീക്കത്തിന്റെ ഭാഗമായാണ് നിർദേശം
ഗാസ സിറ്റിയിൽ ഹമാസ് ഇപ്പോഴും ശക്തമാണെന്ന് ആരോപിച്ചാണ് ഇസ്രായേൽ നീക്കം. ഹമാസിന്റെ സാന്നിധ്യം ആരോപിച്ച് ഗാസയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഇസ്രായേൽ കഴിഞ്ഞ ദിവസം തകർത്തിരുന്നു. ഹമാസ് ഈ കെട്ടിടം രഹസ്യാന്വേഷണത്തിനായി ഉപയോഗിച്ചെന്നും സ്‌ഫോടക വസ്തുക്കൾ സമീപത്ത് സ്ഥാപിച്ചിരുന്നുവെന്നും ഇസ്രായേൽ ആരോപിച്ചു
ഇസ്രായേൽ സൈന്യത്തിന്റെ നിർദേശം വന്നതിന് പിന്നാലെ ആയിരങ്ങളാണ് ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നത്. ഗാസ സിറ്റിയിലെ റോഡുകളും കെട്ടിടങ്ങളും ഇസ്രായേൽ സൈന്യം ഇടിച്ചുനിരത്തി. പലയിടങ്ങളിലും കനത്ത ബോംബിംഗും തുടരുകയാണ്.