പ്രമേഹ സാധ്യത കുറക്കുന്ന അരിയുമായി ഫിലിപൈന്‍സ് ശാസ്ത്രജ്ഞര്‍
Oct 1, 2024, 23:44 IST
                                            
                                                
മനില: മനുഷ്യന്റെ അന്തകനെന്ന് ശാസ്ത്രലോകം അവകാശപ്പെടുന്ന ജീവിത ശൈലീ രോഗമായ പ്രമേഹത്തെ ഭയന്ന് അരി ഉപേക്ഷിച്ചവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ഫിലിപൈന്‍സ് ശാസ്ത്ര സംഘം. അരിയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസമിക് ഇന്‍ഡക്സാണ് ആഹരിക്കുന്നവരെ പ്രമേഹത്തിലേക്ക് അടുപ്പിക്കുന്നത്. സാധാരണ അരി ഇനങ്ങളെ ലോ-ലോ അള്‍ട്രാ ലോ ജിഐ അരിയാക്കി മാറ്റിയാണ് ഇത് വികസിപ്പിച്ചത്. ഇതിനകം ഫിലിപ്പീന്‍സില്‍ രണ്ട് കുറഞ്ഞ ഏക അരികള്‍, ഐആര്‍ആര്‍ഐ 125, ഐആര്‍ആര്‍ഐ 147 എന്നിവ പുറത്തിറക്കിയിട്ടുണ്ട്. ഫിലിപ്പീന്‍സിലെ പ്രശസ്തമായ ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടി (ഐആര്‍ആര്‍ഐ)ലെ ഗവേഷകരാണ് പ്രമേഹ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പുതിയ ഇനം നെല്‍വിത്ത് വികസിപ്പിച്ചിരിക്കുന്നത്. ഈ ഇനം ഉടന്‍ തന്നെ ഇന്ത്യയില്‍ വളര്‍ത്താന്‍ കഴിയുമെന്ന് നെല്ല് വികസിപ്പിച്ച ഐആര്‍ആര്‍ഐ ധാന്യ ഗുണനിലവാര, പോഷകാഹാര കേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. നെസെ ശ്രീനിവാസുലു പറഞ്ഞു. ഇന്ത്യയും ഫിലിപ്പീന്‍സ് ഉള്‍പ്പെടെയുള്ള ഏഷ്യന്‍ ജനതയില്‍ ഭൂരിഭാഗവും ഒപ്പം ആഫ്രിക്കന്‍ വന്‍കരയിലുള്ളവരുമെല്ലാം ഒരു നേരമെങ്കിലും അരി ആഹാരം കഴിക്കുന്നവരാണെന്നത് ഓര്‍ക്കേണ്ടതുണ്ട്. ലോകത്തിലെ 60 ശതമാനം പ്രമേഹ രോഗികളും വസിക്കുന്നതും ഏഷ്യയിലാണെന്നതാണ് വസ്തുത. ആഗോളതലത്തില്‍, 53.7 കോടിയിലധികം ജനങ്ങള്‍ പ്രമേഹബാധിതരാണ്. 2045 ആകുമ്പോഴേക്കും ഇത് 78.3 കോടിയായി ഉയരുമെന്നിരിക്കേ പുതിയ കണ്ടുപിടുത്തത്തിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതശൈലി, അമിതഭാരം, പാരമ്പര്യം തുടങ്ങിയ ഘടകങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നതില്‍ പ്രധാനം. പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുകയും കോശങ്ങള്‍ ഇന്‍സുലിന്‍ പ്രതിരോധം വികസിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ ടൈപ്പ് 2 പ്രമേഹത്തിന് മനുഷ്യന്‍ അടിപ്പെടുന്നത്. ജിഐ(ഗ്ലൈസെമിക് ഇന്‍ഡക്സ്) ഒരു ഭക്ഷ്യവസ്തുവിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്ര വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതിന്റെ അളവുകോലാണ്. അത്തരം പഞ്ചസാരയുടെ അളവില്‍ 45ല്‍ താഴെയുള്ള ജിഐ വളരെ കുറവാണ്. കുറഞ്ഞ ജിഐ ഉള്ള ഒരു നെല്ലിനമാണ് ഐആര്‍ആര്‍ഐ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഐആര്‍ആര്‍ഐ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ഈ അരിയില്‍ പ്രോട്ടീനും കൂടുതലാണെന്നതിനാല്‍ പ്രമേഹരോഗികള്‍ക്കും പ്രീ-ഡയബറ്റിക് ആയവര്‍ക്കും മാത്രമല്ല, ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്കും ഇത് നല്ലൊരു പ്രതിവിധിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
                                            
                                            