സാധനങ്ങളെടുത്ത് സ്ഥലം വിട്ടോളൂ; ടാറ്റ കെമിക്കൽസിനോട് കെനിയൻ പ്രസിഡന്റ്: മഗാഡിയിലെ ഖനന അനുമതി റദ്ദാക്കാൻ നീക്കം
നെയ്‌റോബി: കെനിയയിലെ മഗാഡിയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇന്ത്യൻ കമ്പനിയായ ടാറ്റ കെമിക്കൽസിനോട് രാജ്യം വിടാൻ പരസ്യമായി ആവശ്യപ്പെട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. പ്രാദേശിക വികസനത്തിനോ നിർമ്മാണ മേഖലയ്ക്കോ സംഭാവന നൽകാതെ, രാജ്യത്തെ വിഭവങ്ങൾ പൂർണ്ണമായും വിദേശത്തേക്ക് കടത്തുകയാണെന്ന് ആരോപിച്ചാണ് പ്രസിഡന്റിന്റെ കടുത്ത നിലപാട്.
"ഈ ടാറ്റ കമ്പനിക്ക് 100 വർഷമായി ഖനന കരാറുണ്ട് (മുൻപത്തെ കമ്പനികളുടേത് ഉൾപ്പെടെ), എന്നാൽ കാജിയാഡോയിൽ (Kajiado) നിർമ്മാണശാലകളോ ഗ്ലാസ് നിർമ്മാണ ഫാക്ടറികളോ പണിയാൻ അവർ തയ്യാറായിട്ടില്ല. നമ്മുടെ വിഭവങ്ങൾ ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കടത്തുക മാത്രമാണ് അവർ ചെയ്യുന്നത്. മറ്റുള്ളവരുടെ അടിമകളാകാൻ നമുക്ക് സൗകര്യമില്ല. അതുകൊണ്ട് സ്വന്തം സാധനങ്ങളുമെടുത്ത് സ്ഥലം വിടാൻ (Pack and Go) ഞാൻ അവരോട് പറഞ്ഞുകഴിഞ്ഞു," മഗാഡി സന്ദർശനത്തിനിടെ വില്യം റൂട്ടോ വ്യക്തമാക്കി.
മഗാഡി തടാകത്തിൽ നിന്ന് പ്രധാനമായും സോഡാ ആഷ് (Soda Ash) ഖനനം ചെയ്തു കയറ്റുമതി ചെയ്യുന്ന കരാറാണ് ടാറ്റ കെമിക്കൽസിന് ഉള്ളത്. പ്രാദേശികമായി ഗ്ലാസും മറ്റ് കെമിക്കലുകളും ഉത്പാദിപ്പിക്കുന്ന പുതിയ നിക്ഷേപകർക്ക് ഈ ഖനനാവകാശം കൈമാറാനാണ് കെനിയൻ സർക്കാരിന്റെ തീരുമാനം.
അതേസമയം, കെനിയൻ ഗവൺമെന്റിന്റെയും ഖനന മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ പാലിച്ചാണ് തങ്ങൾ പ്രവർത്തിക്കുന്നതെന്നും, വിഷയം നിയമപരമായും ഉഭയകക്ഷി ചർച്ചകളിലൂടെയും പരിഹരിക്കാൻ ശ്രമിക്കുകയാണെന്നും ടാറ്റ കെമിക്കൽസ് വ്യക്തമാക്കി. കഴിഞ്ഞ മാസങ്ങളിൽ താൽക്കാലികമായി ഖനനം നിർത്തിവെക്കാൻ കെനിയൻ മന്ത്രാലയം ഉത്തരവിട്ടിരുന്നതിന് പിന്നാലെയാണ് പ്രസിഡന്റിന്റെ ഈ കടുത്ത പരാമർശം.
