ലണ്ടനിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പ്രഭാഷണത്തിനിടെ പ്രതിഷേധം; 'പാറ്റാ' പരാമർശം ഉന്നയിച്ച് വിദ്യാർത്ഥികൾ, അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

Londan

ലണ്ടൻ: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത ലണ്ടനിലെ സർവകലാശാല പരിപാടിക്കിടെ ഇന്ത്യയിലെ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനെ ചൊല്ലിയും ചീഫ് ജസ്റ്റിസിന്റെ മുൻകാല പരാമർശങ്ങളെ ചൊല്ലിയും വിദ്യാർത്ഥികളുടെ പ്രതിഷേധം. ലണ്ടൻ സർവകലാശാലയ്ക്ക് കീഴിലുള്ള ബിർക്ക്‌ബെക്ക് കോളേജിൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമങ്ങളും' എന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് പ്രഭാഷണം നടത്തുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

​പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് തർക്കമുണ്ടായത്. ഇന്ത്യയിൽ വിയോജിപ്പുകളോടുള്ള സഹിഷ്ണുത കുറഞ്ഞു വരികയാണെന്ന് ഒരു വിദ്യാർത്ഥിനി ചൂണ്ടിക്കാണിക്കുകയും, ചീഫ് ജസ്റ്റിസ് മുൻപ് ഇന്ത്യൻ യുവാക്കളെ 'പാറ്റകൾ' (Cockroaches) എന്നും 'പരാദങ്ങൾ' (Parasites) എന്നും വിശേഷിപ്പിച്ചത് ഓർമ്മിപ്പിക്കുകയും ചെയ്തു. വിമർശനങ്ങൾ ഉന്നയിക്കാൻ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടോ എന്ന ചോദ്യം പൂർത്തിയാക്കും മുൻപ് തന്നെ മോഡറേറ്റർ ഇടപെട്ട് വിദ്യാർത്ഥിനിയുടെ മൈക്ക് കട്ട് ചെയ്യുകയായിരുന്നു. ചർച്ചാ വിഷയവുമായി ബന്ധമില്ലാത്ത ചോദ്യമായതിനാൽ അനുവദിക്കില്ലെന്ന് സംഘാടകർ നിലപാടെടുത്തു. ഇതിനിടെ മറ്റൊരു വിദ്യാർത്ഥി 'ഞങ്ങൾക്ക് കുറച്ച് ബഹുമാനം തരൂ' എന്ന് വിളിച്ചു പറയുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.

​ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കോടതി നടപടികൾക്കിടെ നടത്തിയ ചില പരാമർശങ്ങൾ നേരത്തെ ഇന്ത്യയിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ രൂപം കൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (CJP) എന്ന പ്രസ്ഥാനമാണ് ലണ്ടനിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

​അതേസമയം, പരിപാടിക്കിടെയുണ്ടായ വിദ്യാർത്ഥികളുടെ പെരുമാറ്റത്തെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായി അപലപിച്ചു. സദസ്യരുടെ ഭാഗത്തുനിന്നുണ്ടായ അച്ചടക്കമില്ലാത്ത പെരുമാറ്റം ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്നും, വിയോജിപ്പുകൾ പ്രകടിപ്പിക്കുമ്പോൾ മാന്യത കൈവിടരുതെന്നും ഹൈക്കമ്മീഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Tags

Share this story