ചരിത്ര ദിനമെന്ന് രാജ്‌നാഥ്‌സിങ്; ആദ്യ റഫാൽ വിമാനം കൈമാറി

ചരിത്ര ദിനമെന്ന് രാജ്‌നാഥ്‌സിങ്; ആദ്യ റഫാൽ വിമാനം കൈമാറി

ബോർഡെക്‌സ്: കരാർ പ്രകാരമുള്ള ആദ്യ റഫാൽ വിമാനം ഇന്ത്യക്ക് കൈമാറി. ഫ്രാൻസിലെ ഡാസാൾട്ട് എവിയേഷൻ ആണ് റാഫേൽ വിമാനം നിർമ്മിച്ചത്. ബോർഡെക്‌സിലെ മേരിഗ്‌നാക് എയർ ബേസിൽ വച്ചാണ് ആദ്യ റാഫേൽ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിച്ചത്. വ്യോമസേനയുടെ 87ാമത് സ്ഥാപക ദിനത്തിലാണ് റാഫേൽ യുദ്ധവിമാനം ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഏറ്റുവാങ്ങുന്നത്. വായുസേനാ ദിനമായ ഒക്ടോബർ 8ന് ദസറ ആഘോഷവുംകൂടിയാണ്. ദസറ ആഘോഷത്തോടനുബന്ധിച്ച് ആയുധ പൂജയും നടത്തിയിരുന്നു. ഭാരതീയ പരമ്പര്യം അനുസരിച്ച് ആയുധ പൂജയും നടത്തിയ ശേഷമാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആദ്യ റാഫേൽ യുദ്ധവിമാനം ഏറ്റുവാങ്ങിയത്.

ഇന്ത്യയ്ക്ക് വ്യോമ മേഖലയിൽ ഉള്ള ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതാണ് റാഫേലിൻറെ ഇന്ത്യൻ വ്യോമസേനയിലേക്കുള്ള കടന്നുവരവ് എന്ന് രാജ്‌നാഥ് സിംഗ് നടത്തിയ അഭിസംബോധനയിൽ അഭിപ്രായപ്പെട്ടു. ലോകത്തില നാലമത്തെ ഏറ്റവും വലിയ വ്യോമസേനയാണ് ഇന്ത്യയുടെത്. റാഫേലിൻറെ കടന്നുവരവ് മേഖലയിലെ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഉതകും എന്നാണ് പ്രതീക്ഷ പ്രതിരോധ മന്ത്രി അഭിപ്രായപ്പെട്ടു. ഫ്രാൻസുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന ബന്ധത്തിൻറെ ആഴമാണ് ഇന്നത്തെ ചടങ്ങിലൂടെ വ്യക്തമാകുന്നത് എന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി.

Loading…

മുൻപ് നിശ്ചയിച്ച സമയത്ത് തന്നെ രാജ്യത്തിന് റാഫേൽ വിമാനം ലഭ്യമാക്കിയതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിന് ഡാസാൾട്ട് എവിയേഷന് മന്ത്രി കൃതഞ്ജത രേഖപ്പെടുത്തി. ഇന്ന് കൈമാറിയ റാഫേൽ പൈലറ്റ് പരിശീലനത്തിന് ശേഷം അടുത്ത വർഷം ആദ്യം മാത്രമേ ഇന്ത്യയിൽ എത്തുകയുള്ളൂ.

റാഫേൽ വിമാനം വാങ്ങുവാനുള്ള കരാർ മോദി സർക്കാർ സെപ്തംബർ 23,2016നാണ് ഫ്രാൻസുമായി ഒപ്പുവച്ചത്. 36 റാഫേൽ യുദ്ധവിമാനങ്ങളാണ് ഇത് പ്രകാരം ഫ്രാൻസ് ഇന്ത്യയ്ക്ക് നിർമ്മിച്ചു നൽകേണ്ടത്. ഇന്ത്യ ഇതിനായി 60000 കോടിയാണ് മുടക്കുന്നത്. ഇന്ത്യ ഏർപ്പെട്ട ഏറ്റവും വലിയ ആയുധകരാറാണ് റാഫേൽ ഇടപാട്. അതിൽ ആദ്യത്തെ ഫൈറ്റൽ ജെറ്റിൻറെ കൈമാറ്റമാണ് ഇപ്പോൾ നടന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ലോറൻസ് പെർളിയും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Share this story