ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്താനാകാതെ വലഞ്ഞ് രക്ഷാപ്രവർത്തകർ; നിരവധി ഇന്ത്യക്കാരെ കാണാതായി

നേപ്പാൾ

കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ അതിരൂക്ഷമായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 160 കടന്നു. മുന്നൂറിലധികം വിനോദസഞ്ചാരികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കാണാതായിട്ടുണ്ട് . ദുരന്തത്തിൽ റോഡുകളും പാലങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും പൂർണമായി തകർന്നതിനാൽ, ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലേക്ക് എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ഏറെ പാടുപെടുകയാണ്. കനത്ത ചെളിയും തകർന്ന ഭൂപ്രകൃതിയും മലയോര മേഖലയിലെ പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നത്

​ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി വിദേശ വിനോദസഞ്ചാരികളെയും തീർഥാടകരെയും കാണാതായവരിൽ ഉൾപ്പെടുന്നു.. കാണാതായവരിൽ നൂറിലധികം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക വിവരം. അതിർത്തിയിലെ ഗ്രാമങ്ങളും വ്യാപാര സ്ഥാപനങ്ങളും മലവെള്ളപ്പാച്ചിലിൽ പൂർണ്ണമായി ഒലിച്ചുപോയി നിരവധി വീടുകളും വാഹനങ്ങളും ജലവൈദ്യുത പദ്ധതികളും പ്രളയത്തിൽ തകർന്നു.

​മഞ്ഞുമലകളും പാറകളും ഇടിഞ്ഞുവീണ് (Glacial avalanche) നദിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടതാണ് ഈ മഹാദുരന്തത്തിന് കാരണമായതെന്നാണ് ഭൗമശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നത്. ഭോട്ടെ കോശി, ത്രിശൂലി നദികളിലെ ജലനിരപ്പ് മിനിറ്റുകൾക്കകം അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന് തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. നേപ്പാൾ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നദിയിൽ അവശിഷ്ടങ്ങൾ ഇപ്പോഴും അടിഞ്ഞുകൂടിയിട്ടുള്ളതിനാൽ എപ്പോൾ വേണമെങ്കിലും വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നുണ്ട്.

​ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക, ചൈന, യൂറോപ്യൻ യൂണിയൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ നേപ്പാളിന് അടിയന്തര സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags

Share this story