പോർച്ചുഗൽ, ഫ്രാൻസ്, കാനഡ രാജ്യങ്ങളുമായുള്ള സൈനിക സഹകരണ കരാറുകൾ റഷ്യ അവസാനിപ്പിച്ചു
മോസ്കോ: പോർച്ചുഗൽ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുമായി നിലവിലുണ്ടായിരുന്ന സൈനിക സഹകരണ കരാറുകൾ റഷ്യ അവസാനിപ്പിച്ചു. ഈ രാജ്യങ്ങളുമായുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള കരാറുകൾ അവസാനിപ്പിച്ചതായി റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിൻ (Mikhail Mishustin) ഉത്തരവിൽ ഒപ്പുവെച്ചു.
1989-നും 2000-നും ഇടയിൽ ഒപ്പുവെച്ച ഈ കരാറുകൾ നിലവിലെ സാഹചര്യത്തിൽ തന്ത്രപരമായി അപ്രസക്തമായി മാറിയെന്ന് റഷ്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളുമായുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ സുരക്ഷാ, സാങ്കേതിക സഹകരണ കാര്യങ്ങളിൽ നിന്ന് അകലം പാലിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
ഈ മൂന്ന് രാജ്യങ്ങളും ഉക്രെയ്‌ന് സാമ്പത്തിക, സൈനിക സഹായം നൽകുന്നതിൽ മുൻപന്തിയിലാണ്. ഫ്രാൻസും പോർച്ചുഗലും യൂറോപ്യൻ യൂണിയനിൽ മരവിപ്പിച്ച റഷ്യൻ ആസ്തികളിൽ നിന്നുള്ള വരുമാനം ഉക്രെയ്‌നിന് നൽകാനുള്ള പദ്ധതിയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളാണ്. സമാനമായി, നേരത്തെ, ജർമ്മനിയുമായുള്ള സൈനിക-സാങ്കേതിക സഹകരണ കരാറും റഷ്യ റദ്ദാക്കിയിരുന്നു.
പോർച്ചുഗൽ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങളുമായുള്ള സഹകരണ ഉടമ്പടികൾ പുനഃസ്ഥാപിക്കാനോ പുതിയ ബദൽ സംവിധാനങ്ങൾ സ്ഥാപിക്കാനോ നിലവിൽ പദ്ധതികളില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
