റഷ്യൻ ബോംബർ വിമാനം തകർന്നു വീണു: ആറ് സൈനികർ കൊല്ലപ്പെട്ടു
Sep 29, 2026, 23:56 IST
മോസ്കോ: റഷ്യൻ വ്യോമസേനയുടെ ആണവവാഹക ശേഷിയുള്ള Tu-95 സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നു വീണ് ആറ് ജീവനക്കാർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരാൾ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
റഷ്യയുടെ ദൂരകിഴക്കൻ മേഖലയിലുള്ള അമുർ (Amur) പ്രവിശ്യയിലാണ് സംഭവം. പരിശീലന പറക്കലിനായി ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു. വിജനമായ പ്രദേശത്താണ് അപകടം സംഭവിച്ചതെന്നും വിമാനത്തിൽ ആയുധങ്ങളോ സ്ഫോടക വസ്തുക്കളോ ഉണ്ടായിരുന്നില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
അപകടത്തെ തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പൂർണ്ണമായി തകരുകയും ചെയ്തു. എൻജിനിലെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ റഷ്യൻ വ്യോമസേനയുടെ പ്രത്യേക സംഘം അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
