റോമാനിയയിൽ റഷ്യൻ ഡ്രോൺ ആക്രമണം; കടുത്ത മുന്നറിയിപ്പുമായി നാറ്റോ

World

ബുക്കാറെസ്റ്റ് (റോമാനിയ): യുക്രൈൻ അതിർത്തിയോട് ചേർന്നുള്ള റോമാനിയൻ നഗരമായ ഗലാറ്റിയിലെ (Galați) ജനവാസമേഖലയിലുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ റഷ്യൻ സ്ഫോടകവസ്തുക്കൾ വഹിച്ചുള്ള ഡ്രോൺ പതിച്ചു സ്ഫോടനമുണ്ടായി. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം നാറ്റോ (NATO) സഖ്യരാജ്യമായ റോമാനിയയിലെ ഒരു ജനവാസ കേന്ദ്രത്തിന് നേരെ നേരിട്ട് ഉണ്ടാകുന്ന ആദ്യത്തെ ഡ്രോൺ ആക്രമണമാണിത്.

​സംഭവത്തെ തുടർന്ന് റഷ്യയുടെ ഈ "അപകടകരമായ പെരുമാറ്റത്തെ" നാറ്റോ സഖ്യം കടുത്ത ഭാഷയിൽ വിമർശിച്ചു. നാറ്റോയുടെ ഒരിഞ്ച് മണ്ണ് പോലും സംരക്ഷിക്കാൻ തങ്ങൾ സജ്ജമാണെന്ന് നാറ്റോ ജനറൽ സെക്രട്ടറി മാർക്ക് റൂട്ടെ വ്യക്തമാക്കി. റോമാനിയൻ പ്രസിഡന്റ് നികുഷോർ ദാനുമായി നടത്തിയ അടിയന്തര ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

​യുക്രൈനിലെ ഒഡേസ മേഖല ലക്ഷ്യമിട്ട് റഷ്യ നടത്തിയ വിപുലമായ ഡ്രോൺ ആക്രമണത്തിനിടയിലാണ് ഒരു റഷ്യൻ 'ഗെരാൻ-2' (Geran-2) ഡ്രോൺ റോമാനിയൻ വ്യോമാതിർത്തി ലംഘിച്ച് ഫ്ലാറ്റിന് മുകളിലേക്ക് പതിച്ചത്. സ്ഫോടനത്തെ തുടർന്ന് ഫ്ലാറ്റിന്റെ പത്താം നിലയിൽ വലിയ രീതിയിൽ തീപിടുത്തമുണ്ടാവുകയും എഴുപതോളം താമസക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​സംഭവത്തിൽ ശക്തമായ പ്രതിഷേധം അറിയിച്ച റോമാനിയൻ സർക്കാർ റഷ്യൻ അംബാസഡറെ അടിയന്തരമായി വിളിച്ചുവരുത്തുകയും രാജ്യം വിട്ടുപോകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. അമേരിക്കയും യൂറോപ്യൻ യൂണിയനും റോമാനിയയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് റഷ്യക്കെതിരെ കൂടുതൽ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങളുടെ ഡ്രോണാണ് ഇതിന് പിന്നിലെന്ന ആരോപണത്തിന് തെളിവില്ലെന്നാണ് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. 

Tags

Share this story