കീവിൽ റഷ്യയുടെ ശക്തമായ വ്യോമാക്രമണം: കുട്ടി അടക്കം നാല് മരണം; ഊർജ ശൃംഖല തകർത്തു
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിലും സമീപ പ്രദേശങ്ങളിലും വീണ്ടും റഷ്യയുടെ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. രാജ്യത്തെ പ്രധാന ഊർജ ശൃംഖലകളെയും ഇന്റർനെറ്റ് വിനിമയ കേന്ദ്രങ്ങളെയുമാണ് റഷ്യ പ്രധാനമായും ലക്ഷ്യമിട്ടതെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു.
ശൈത്യകാലം ആരംഭിക്കാനിരിക്കെ, രാജ്യത്തെ വൈദ്യുതിയും തപീകരണ സംവിധാനങ്ങളും തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. യുക്രെയ്ന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ബാലിസ്റ്റിക് മിസൈലുകളും പുതിയ തരം ജെറ്റ് ഡ്രോണുകളുമാണ് റഷ്യൻ സൈന്യം ഉപയോഗിക്കുന്നത്.
തുടർച്ചയായ ആക്രമണങ്ങളെ തുടർന്ന് പ്രദേശത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നൽകുകയും ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആക്രമണമുണ്ടായ മേഖലകളിൽ രക്ഷാപ്രവർത്തനവും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
