സൗദി-ഹൂതി സംഘർഷം രൂക്ഷം: യെമന്റെ ചെങ്കടൽ തീരപ്രദേശങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ മുന്നേറുന്നു
സനാ: സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും ശക്തമാകുന്നു. യെമന്റെ തന്ത്രപ്രധാനമായ ചെങ്കടൽ തീരപ്രദേശങ്ങളുടെ പൂർണ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ലക്ഷ്യത്തോടെ ഹൂതി സൈന്യം അതിവേഗം മുന്നേറുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തന്ത്രപ്രധാന തുറമുഖ നഗരമായ അൽ മോഖ (Mocha) ഹൂതികൾ പിടിച്ചെടുത്തതായും അന്താരാഷ്ട്ര കപ്പൽപ്പാതയായ ബാബ് അൽ മന്ദബ് കടലിടുക്കിന് സമീപത്തേക്ക് പോരാട്ടം വ്യാപിപ്പിച്ചതായും യെമൻ സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വിദേശ ഏജൻസികൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവിഭാഗവും തമ്മിൽ അതിർത്തികളിൽ രൂക്ഷമായ ഷെല്ലാക്രമണവും ഏറ്റുമുട്ടലുമാണ് നടക്കുന്നത്. ഇതിനു പിന്നാലെ സൗദിയിലെ ജനവാസ മേഖലകളും എണ്ണ ശേഖരണ ശാലകളും ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഹൂതി ആക്രമണങ്ങളിൽ സൗദിയിൽ നിരവധി പേർക്ക് പരിക്കേറ്റതായും അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്.
തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ശക്തമായ തിരിച്ചടി നൽകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ തന്ത്രപ്രധാനമായ കടൽപ്പാതകളുടെ സുരക്ഷയെയും ആഗോള എണ്ണ വിതരണത്തെയും ബാധിക്കുന്ന വിധത്തിൽ സംഘർഷം പടരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
