​91 പേരുടെ മരണത്തിനിടയാക്കിയ ഷാർപ്‌വിൽ കൂട്ടക്കൊല: ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെ ഇരകളുടെ കുടുംബാംഗങ്ങൾ കോടതിയിലേക്ക്

ദക്ഷിണാഫ്രിക്ക

ജോഹന്നസ്ബർഗ്: വർണ്ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായ 1960-ലെ 'ഷാർപ്‌വിൽ കൂട്ടക്കൊല'യിലെ (Sharpeville Massacre) ഇരകളും അവരുടെ കുടുംബാംഗങ്ങളും ദക്ഷിണാഫ്രിക്കൻ സർക്കാരിനെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. കുറ്റവാളികളായ പൊലീസുകാർക്കും സർക്കാരിനും നിയമപരമായ സംരക്ഷണം നൽകുന്ന 1961-ലെ ഇന്ഡെമ്നിറ്റി ആക്ട് (Indemnity Act) റദ്ദാക്കണമെന്നും ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇരകൾ ഗൗട്ടെങ് ഹൈക്കോടതിയെ സമീപിച്ചത്.

​1960 മാർച്ച് 21-നാണ് കറുത്തവർഗ്ഗക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്ന പാസ് നിയമങ്ങൾക്കെതിരെ (Pass Laws) ഷാർപ്‌വില്ലിൽ സമാധാനപരമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് വെടിവെപ്പ് നടത്തിയത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 69 പേരാണ് കൊല്ലപ്പെട്ടതെങ്കിലും, പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത് 91 പേർ കൊല്ലപ്പെടുകയും 238-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട് എന്നാണ്.

​അന്ന് വെടിവെപ്പിൽ പരിക്കേറ്റ അബ്രഹാം മോഫോക്കെങ് (87) ഉൾപ്പെടെയുള്ള മൂന്ന് പ്രധാന ഹർജിക്കാരാണ് കേസിന് നേതൃത്വം നൽകുന്നത്. 'ലോയേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ്' (LHR), യുകെ ആസ്ഥാനമായ 'ലീ ഡേ' എന്നീ ലീഗൽ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് ഹർജി നൽകിയിരിക്കുന്നത്. മുൻകാലങ്ങളിൽ നൽകിയ നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണെന്നും തങ്ങളുടെ ജീവിതകാലം മുഴുവൻ അനുഭവിച്ച ദുരിതങ്ങൾക്ക് നീതി വേണമെന്നുമാണ് ഇരകളുടെ ആവശ്യം. നിയമപോരാട്ടം വിജയിച്ചാൽ എഴുപതോളം വരുന്ന മറ്റ് ഇരകൾക്കും കുടുംബങ്ങൾക്കും ഗ്രൂപ്പ് ഹർജിയുമായി (Class Action) മുന്നോട്ട് പോകാൻ വഴിതുറക്കും. 

Tags

Share this story