1400 വർഷത്തെ ചരിത്രത്തിൽ പദവിയിലെത്തുന്ന ആദ്യ വനിത; കാന്റർബറി ആർച്ച് ബിഷപായി സാറ മുലാലി അഭിഷിക്തയായി
സാറ മുലാലി കാന്റർബറി ആർച്ച് ബിഷപായി അഭിഷിക്തയായി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 1400 വർഷത്തെ ചരിത്രത്തിൽ ആർച്ച് ബിഷപ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് സാറ മുലാലി. കാന്റർബറി കത്തീഡ്രലിൽ നടന്ന ശുശ്രൂഷാ ചടങ്ങിൽ വില്യം രാജകുമാരൻ, ഭാര്യ കെയ്റ്റ് രാജകുമാരി, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ തുടങ്ങി രണ്ടായിരത്തോളം അതിഥികൾ പങ്കെടുത്തു
കാന്റർബറി കത്തീഡ്രലിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് സാറ മുലാലി ഔദ്യോഗികമായി സ്ഥാനമേറ്റത്. ജസ്റ്റിൻ വെൽബി രാജിവെച്ചതിന് പിന്നാലെയാണ് സാറ ആർച്ച് ബിഷപ് പദവിയിലെത്തുന്നത്. വൈദികയാകുന്നതിന് മുമ്പ് നഴ്‌സായി സേവനമനുഷ്ഠിച്ചിരുന്ന സാറ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ചീഫ് നഴ്‌സിംഗ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.
വനിതാ ആർച്ച് ബിഷപിനെ അംഗീകരിക്കാത്ത കടുത്ത യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്നുള്ള എതിർപ്പുകൾ നിലനിൽക്കെയാണ് സാറ മുലാലി ഈ പദവി ഏറ്റെടുത്തിരിക്കുന്നത്. സഭയ്ക്കുള്ളിലെ ലൈംഗികാതിക്രമ പരാതികൾ പരിഹരിക്കുന്നതിനും കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും താൻ മുൻഗണന നൽകുമെന്ന് സ്ഥാനമേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ അവർ പറഞ്ഞു
ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവൻ എന്നതുകൂടാതെ ലോകമെമ്പാടുമുള്ള എട്ട് കോടിയിലധികം വരുന്ന ആംഗ്ലിക്കൻ സഭാംഗങ്ങളുടെ ആത്മീയ നേതാവ് കൂടിയാണ് ഇനി സാറ മുലാലി. 2018ലാണ് ലണ്ടനിലെ ആദ്യ വനിതാ ബിഷപായി അവർ നിയമിതയായത്. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലായിരുന്നുവിത്. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് സാറ മുലാലി.
