അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ വെടിവയ്പ്പ്; രണ്ട് മരണം: നിരവധി പേര്‍ക്ക് പരുക്ക്

USA

അമേരിക്കയില്‍ വെടിവയ്പ്പില്‍ രണ്ടു മരണം. നിരവധി പേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. റോഡ് ഐലണ്ടിലെ പ്രൊവിഡന്‍സിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ ശനിയാഴ്ച വൈകിട്ടാണ് വെടിവയ്പ്പപുണ്ടായത്. അക്രമിയെ ഇനിയും കണ്ടെത്തിയിട്ടില്ല.

വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്ന് പ്രൊവിഡന്‍സ് മേയര്‍ ബ്രെറ്റ് സ്മൈലി അറിയിച്ചു. ക്യാംപസിലുള്ളവരോട് വാതിലുകള്‍ അടയ്ക്കാനും മൊബൈല്‍ ഫോണ്‍ നിശ്ശബ്ദമാക്കി വയ്ക്കാനും ക്യാംപസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വെടിവയ്പ്പിനെപ്പറ്റി വിവരം ലഭിച്ചുവെന്നും അക്രമിയെ പിടികൂടാനായിട്ടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.

അക്രമിയുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങള്‍ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല. കറുത്ത വസ്ത്രം ധരിച്ച പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് പരുക്കേറ്റവരില്‍ നിന്ന് ലഭ്യമായിരിക്കുന്ന വിവരം. അക്രമിയുടെ കൈയിലുണ്ടായിരുന്നത് എന്തുതരം തോക്കാണെന്നും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ്, ഫിസിക്‌സ് കെട്ടിടങ്ങളിലാണ് ആക്രമണമുണ്ടായത്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കര്‍ശനമായ സുരക്ഷാ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കി വരുന്നത്.

Tags

Share this story