വടക്കൻ ജർമ്മനിയിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു: പ്രതികൾ പിടിയിൽ
Jun 29, 2026, 18:24 IST
ബർലിൻ: വടക്കൻ ജർമ്മനിയിലെ സ്റ്റേഡ് (Stade) നഗരത്തിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വെടിവെപ്പ് നടത്തിയയാൾ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച നഗരത്തിലെ ഒരു യുവജനക്ഷേമ കേന്ദ്രത്തിലാണ് (Youth Welfare Facility) ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും ജർമ്മൻ പോലീസ് അറിയിച്ചു.
പ്രദേശത്ത് വലിയ തോതിലുള്ള പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. നിലവിൽ പൊതുജനങ്ങൾക്ക് മറ്റ് സുരക്ഷാ ഭീഷണികളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. ഹാംബർഗ് നഗരത്തിന് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഏകദേശം അമ്പതിനായിരത്തോളം ജനസംഖ്യയുള്ള ഒരു ചെറിയ നഗരമാണ് സ്റ്റേഡ്.
