ഐസിഇ ഇനി 'നൈസ്' ആകണോ; ജനങ്ങളോട് അഭിപ്രായം തേടി ട്രംപ്: മാധ്യമങ്ങൾക്ക് വട്ടാകുമെന്ന് യുഎസ് പ്രസിഡന്റ്
വാഷിംഗ്ടൺ: അമേരിക്കയിലെ വിവാദ കുടിയേറ്റ വിരുദ്ധ ഏജൻസിയായ 'ഐസിഇ'യുടെ (ICE - Immigration and Customs Enforcement) പേര് മാറ്റാൻ പൊതുജനങ്ങളുടെ അഭിപ്രായം തേടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഏജൻസിയുടെ പേരിനൊപ്പം 'നാഷണൽ' (National) എന്ന വാക്കുകൂടി ചേർത്ത് അതിനെ 'നൈസ്' (NICE - National Immigration and Customs Enforcement) എന്ന് പുനർനാമകരണം ചെയ്യാനാണ് ട്രംപിന്റെ ആലോചന. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ വിചിത്രമായ പോൾ (Poll) പങ്കുവെച്ചത്.
വ്യാജ വാർത്താ മാധ്യമങ്ങൾ ഐസിഇ (ICE) ഏജൻസിയെ നിരന്തരം വേട്ടയാടുകയാണെന്ന് ട്രംപ് ആരോപിച്ചു. ഏജൻസിയുടെ പേര് 'നൈസ്' (NICE) എന്നാക്കി മാറ്റിയാൽ മാധ്യമങ്ങൾക്ക് അതിനെതിരെ സംസാരിക്കാൻ ബുദ്ധിമുട്ടാകുമെന്നും അവർക്ക് "വട്ടാകുമെന്നും" ട്രംപ് പരിഹസിച്ചു.
"മാധ്യമങ്ങൾക്ക് 'ഞങ്ങൾ ഇന്ന് ഒരു നൈസ് (NICE) ഫെസിലിറ്റി സന്ദർശിച്ചു' എന്നോ, അല്ലെങ്കിൽ 'നൈസ് (NICE) ഏജന്റുമാർ ഒരു അപകടകാരിയായ മയക്കുമരുന്ന് മാഫിയക്കാരനെ നാടുകടത്തി' എന്നോ പറയേണ്ടി വരും. അവർക്കത് താങ്ങാൻ കഴിയില്ല, മാധ്യമങ്ങൾ പൂർണ്ണമായും ഭ്രാന്ത് പിടിച്ച അവസ്ഥയിലാകും!" - ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു.
അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടികളുടെ പേരിൽ ഐസിഇ ഏജൻസി വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് ട്രംപിന്റെ ഈ പുതിയ നീക്കം. എന്നാൽ പേര് മാറ്റുന്നതിനോട് ഏജൻസിയിലെ ഉദ്യോഗസ്ഥർക്ക് പൂർണ്ണ സമ്മതമല്ലെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് പഴയ പേര് തന്നെയാണ് കൂടുതൽ താല്പര്യമെന്ന് മുൻ അതിർത്തി സുരക്ഷാ മേധാവി ടോം ഹോമൻ തന്നെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
