​"സ്റ്റേഡിയത്തിന്റെ മേൽക്കൂര അടച്ചിട്ടോ, ഇല്ലെങ്കിൽ..." മെൽബൺ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; ഓസ്‌ട്രേലിയൻ പോലീസ് അന്വേഷണം ആരംഭിച്ചു

Aus

മെൽബൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് തൊട്ടുമുമ്പ് അദ്ദേഹത്തിന് നേരെ സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി. ജൂലൈ 9-ന് മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന 'മെൽബൺ മീറ്റ്സ് മോദി' (Melbourne Meets Modi) എന്ന പ്രവാസി സംഗമ പരിപാടിയുടെ പ്രചാരണ പോസ്റ്റിന് താഴെയാണ് ഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ശക്തമായ അന്വേഷണം ആരംഭിച്ചു.

​"അബു മുസ്തഫ" (Abu Mustafa) എന്ന പേരുള്ള അക്കൗണ്ടിൽ നിന്നാണ് അറബിക് ഭാഷയിൽ ഭീഷണി കമന്റ് വന്നത്. "പരിപാടിക്കിടെ സ്റ്റേഡിയത്തിന്റെ മേൽക്കൂരകൾ അടച്ചിടുന്നതാണ് നല്ലത്, അല്ലാത്തപക്ഷം അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് വരുന്നത് അദ്ദേഹത്തിന്റെ മരണത്തിലേക്കായിരിക്കും" എന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം.

​മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഭീഷണി സന്ദേശം വന്ന ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഐപി (IP) വിലാസം പോലീസ് ഇതിനകം കണ്ടെത്തിയിട്ടുണ്ട്. സന്ദേശത്തിന് പിന്നിൽ വലിയ ഗൂഢാലോചനകൾ ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രിയുടെ സുരക്ഷ കർശനമാക്കാൻ ഓസ്‌ട്രേലിയൻ സുരക്ഷാ ഏജൻസികളും സ്റ്റേറ്റ് പോലീസും സംയുക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച ഓസ്‌ട്രേലിയയിൽ എത്തുന്നത്. 

Share this story