16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധനം; ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ നീക്കത്തിനെതിരെ സഖ്യകക്ഷികൾ

സോഷ്യൽ മീഡിയ

വെല്ലിംഗ്ടൺ (ന്യൂസിലൻഡ്): 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ നിയമ നിർദ്ദേശവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റോഫർ ലക്സൺ. ചെറിയ പ്രായത്തിലെ സോഷ്യൽ മീഡിയ ഉപയോഗം പുതിയ തലമുറയ്ക്ക് വലിയ തോതിൽ മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റ് പ്രയാസങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലക്സൺ 'ഓൺലൈൻ സേഫ്റ്റി ബിൽ' പാർലമെന്റിൽ അവതരിപ്പിച്ചത്.

​ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ ജനപ്രിയ പ്ലാറ്റ്‌ഫോമുകൾക്ക് ഈ നിയന്ത്രണം ബാധകമായിരിക്കും. നിയന്ത്രണങ്ങൾ ലംഘിക്കുന്ന ടെക് കമ്പനികൾക്ക് അവരുടെ ആഗോള വരുമാനത്തിന്റെ 10% വരെ പിഴ ചുമത്താനും ബില്ലിൽ നിർദ്ദേശമുണ്ട്.

​എന്നാൽ, പ്രധാനമന്ത്രിയുടെ ഈ നീക്കത്തിന് സ്വന്തം സഖ്യസർക്കാരിൽ നിന്ന് തന്നെ ശക്തമായ എതിർപ്പാണ് നേരിടുന്നത്. ലക്സന്റെ നാഷണൽ പാർട്ടി നയിക്കുന്ന സഖ്യസർക്കാരിലെ പങ്കാളികളായ ആക്ട് (ACT), ന്യൂസിലൻഡ് ഫസ്റ്റ് (NZ First) എന്നീ പാർട്ടികൾ ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇതിനുപുറമെ, പ്രതിപക്ഷമായ ലേബർ പാർട്ടിയും വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിച്ചിട്ടില്ല.

​വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഒക്ടോബറിൽ പാർലമെന്റ് പിരിയുന്നതിനാൽ, വോട്ടെടുപ്പിലൂടെ ബിൽ നിലവിൽ പാസാക്കിയെടുക്കാൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇതിൽ തുടര്‍നടപടികൾ ഉണ്ടാവുകയെന്നും ക്രിസ്റ്റോഫർ ലക്സൺ കൂട്ടിച്ചേർത്തു.

Tags

Share this story