വലയത്തിലാക്കി സൊമാലി കടൽക്കൊള്ളക്കാർ; ഏദൻ ഗൾഫിൽ കെമിക്കൽ ടാങ്കർ കപ്പൽ തട്ടിക്കൊണ്ടുപോയി

സൊമാലിയ

ഏദൻ: യെമൻ തീരത്തിന് സമീപം ഏദൻ ഗൾഫിൽ വെച്ച് കെമിക്കൽ ടാങ്കർ കപ്പൽ സായുധസംഘം തട്ടിക്കൊണ്ടുപോയി. 'എം.ടി അസാന' (MT ASANA) എന്ന കപ്പലാണ് സൊമാലി കടൽക്കൊള്ളക്കാർ എന്ന് സംശയിക്കുന്ന സംഘം ആക്രമിച്ചു കീഴടക്കിയത്. ടാൻസാനിയൻ പതാകയേന്തിയ കപ്പൽ യെമനിലെ അൽ മുഖല്ല തുറമുഖത്തിന് 65 നോട്ടിക്കൽ മൈൽ തെക്ക് വെച്ചാണ് അക്രമികൾ പിടിച്ചെടുത്തതെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.

​കപ്പലിൽ സുരക്ഷാ ജീവനക്കാർ ഇല്ലാതിരുന്ന സമയത്താണ് സായുധ സംഘം അതിക്രമിച്ചു കയറിയത്. ഇതിന് പിന്നാലെ കപ്പലിൽ നിന്നും അടിയന്തര സഹായത്തിനായുള്ള സന്ദേശം (Distress Call) അയച്ചിരുന്നു. പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ഇത് യെമനിലെ ഹൂതി വിമതരുടെ ആക്രമണമല്ലെന്നും, പണം ആവശ്യപ്പെട്ടുളള സൊമാലി കടൽക്കൊള്ളക്കാരുടെ നീക്കമാണെന്നുമാണ് അന്താരാഷ്ട്ര സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.

​കപ്പൽ പിടിച്ചെടുത്ത ശേഷം കൊള്ളക്കാർ ഇതിന്റെ യാത്രാമാർഗ്ഗം മാറ്റി സൊമാലിയൻ തീരത്തുള്ള ബോസാസോ തുറമുഖ ലക്ഷ്യമാക്കി നീങ്ങുന്നതായാണ് ഉപഗ്രഹ വിവരങ്ങൾ വ്യക്തമാക്കുന്നത്. കപ്പലിലെ ജീവനക്കാരുടെ സുരക്ഷയെക്കുറിച്ചോ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. മേഖലയിൽ പട്രോളിംഗ് നടത്തുന്ന ദക്ഷിണ കൊറിയൻ യുദ്ധക്കപ്പൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നാവികസേനകൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Tags

Share this story