ചരിത്രക്കുതിപ്പുമായി സ്‌പേസ് എക്സ്; അത്യാധുനിക 'സ്റ്റാർഷിപ്പ് V3' വിജയകരമായി വിക്ഷേപിച്ചു: മടങ്ങിവരവിൽ ബൂസ്റ്റർ തകർന്നു

Space x

ടെക്സസ്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ശൃംഖലയായ സ്റ്റാർഷിപ്പിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പ് 'സ്റ്റാർഷിപ്പ് വി3' (Starship V3) സ്പേസ് എക്സ് വിജയകരമായി വിക്ഷേപിച്ചു. ടെക്സസിലെ ബോക്ക ചികയിലുള്ള സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു ലോകം ഉറ്റുനോക്കിയ ഈ പരീക്ഷണപ്പറക്കൽ (Flight 12).

​റോക്കറ്റിന്റെ പ്രധാന ഭാഗമായ സ്റ്റാർഷിപ്പ് പേടകം ബഹിരാകാശത്ത് എത്തുകയും ആസൂത്രണം ചെയ്തതുപോലെ ഉപഗ്രഹ സിമുലേറ്ററുകൾ വിജയകരമായി ഭ്രമണപഥത്തിൽ വിന്യസിക്കുകയും ചെയ്തു. തുടർന്ന് ഭൂമിയിലേക്ക് തിരിച്ചിറങ്ങിയ പേടകം ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു (Splashdown).

​എങ്കിലും, വിക്ഷേപണത്തിന് ശേഷം റോക്കറ്റിനെ ബഹിരാകാശത്തേക്ക് തള്ളിവിട്ട് ഭൂമിയിലേക്ക് തിരികെ ഇറങ്ങേണ്ടിയിരുന്ന 'സൂപ്പർ ഹെവി ബൂസ്റ്റർ' (Super Heavy Booster) റോക്കറ്റ് നിയന്ത്രണം നഷ്ടപ്പെട്ട് ഗൾഫ് ഓഫ് മെക്സിക്കോ കടലിൽ പതിച്ച് തകരുകയായിരുന്നു. തിരികെ ഇറങ്ങുന്ന സമയത്ത് എഞ്ചിനുകൾ കൃത്യമായി പ്രവർത്തിക്കാതിരുന്നതാണ് ബൂസ്റ്റർ നഷ്ടമാകാൻ കാരണം.

​ഒരു എഞ്ചിന്റെ തകരാർ നേരിട്ടിട്ടും ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് സ്പേസ് എക്സ് കാണുന്നത്. ഭാവിയിൽ മനുഷ്യരെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന സ്റ്റാർഷിപ്പ് റോക്കറ്റുകളുടെ വികസനത്തിൽ ഈ പരീക്ഷണം നിർണായകമായ ഒരു ചുവടുവെപ്പാണ്.

Tags

Share this story