യുഎസ് തകർത്ത ഇറാൻ യുദ്ധക്കപ്പലിലെ 32 നാവികർക്ക് ആശ്രയമായി ശ്രീലങ്ക; ഒരു മാസത്തെ സൗജന്യ വിസ അനുവദിച്ചു
യുഎസ് തകർത്ത ഇറാൻ നാവിക കപ്പലിൽ നിന്നും രക്ഷപ്പെട്ട നാവികർക്ക് ഒരു മാസത്തെ സൗജന്യ വിസ അനുവദിച്ച് ശ്രീലങ്ക. ഒരു മാസം നാവികർക്ക് ശ്രീലങ്കയിൽ തുടരാമെന്ന് മന്ത്രി ആനന്ദ വിജേപാല പറഞ്ഞു. ആരുടെയും പക്ഷം പിടിക്കുകയല്ല. പക്ഷേ രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം വ്യക്തമാക്കി
ഏതെങ്കിലും ഒരു രാജ്യത്തെ സംരക്ഷിക്കാനോ ദ്രോഹിക്കാനോ അല്ല ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും ആനന്ദ വിജേപാല പറഞ്ഞു. യുഎസ് ആക്രമിച്ച് തകർത്ത ഐആർഐഎസ് ദേന എന്ന ഇറാന്റെ യുദ്ധക്കപ്പലിൽ നിന്ന് 32 നാവികരാണ് രക്ഷപ്പെട്ടത്.
നാവികരിൽ പത്ത് പേർ കരപിതിയ നാഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. 22 പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇവരുടെ മടക്കം സംബന്ധിച്ച കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തുടർന്നാണ് ഇവർക്ക് ഒരു മാസത്തെ സൗജന്യ വിസ അനുവദിച്ചത്.
