ആളുകളെ കൊല്ലാൻ സ്റ്റാർലിങ്ക് അനുവദിക്കില്ല; യുക്രൈനിലെ സേവനങ്ങൾ പരിമിതപ്പെടുത്തിയതിൽ വിശദീകരണവുമായി ഇലോൺ മസ്‌ക്

ഇലോൺ മസ്ക്

വാഷിംഗ്ടൺ: യുക്രൈനിൽ തങ്ങളുടെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനമായ 'സ്റ്റാർലിങ്കിന്' (Starlink) വേഗത നിയന്ത്രണങ്ങളും തടസ്സങ്ങളും ഏർപ്പെടുത്തിയത് ശരിവെച്ച് സ്പേസ് എക്സ് (SpaceX) സി.ഇ.ഒ ഇലോൺ മസ്ക്. ഡ്രോൺ ആക്രമണങ്ങളിലൂടെ ആളുകളെ കൊല്ലാനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇന്റർനെറ്റ് ഉപയോഗിക്കുന്നത് ഒരിക്കലും അനുവദിക്കാനാകില്ലെന്നും അതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും മസ്ക് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

​റഷ്യക്കെതിരായ പോരാട്ടത്തിൽ യുക്രൈൻ സൈന്യം സ്റ്റാർലിങ്കിന്റെ സേവന ചട്ടങ്ങൾ ലംഘിച്ചതായി മസ്ക് ആരോപിച്ചു.

​ഇലോൺ മസ്കിന്റെ വാക്കുകൾ:

സാധാരണക്കാരുടെയും വാണിജ്യ ആവശ്യങ്ങളുടെയും ഉപയോഗത്തിനായുള്ള ഒരു സിവിൽ സേവനമാണ് സ്റ്റാർലിങ്ക്. ആളുകളെ കൊല്ലാൻ ലക്ഷ്യമിട്ടുള്ള ആക്രമണാത്മക ഡ്രോൺ ആക്രമണങ്ങൾക്കായി ഇത് ഉപയോഗിക്കാൻ ഒരു കാലത്തും അനുവാദം നൽകിയിട്ടില്ല, നൽകാനും പാടില്ല. യു.എസ് ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള 'സ്റ്റാർഷീൽഡ്' (Starshield) ഇതിൽ നിന്നും വേറെയാണ്.

​യുക്രൈന്റെ പ്രതിരോധത്തിൽ സ്റ്റാർലിങ്കിന്റെ പങ്ക് വളരെ വലുതാണെന്നും, ഒരു സ്വകാര്യ കമ്പനിയെന്ന നിലയിൽ സ്പേസ് എക്സ് സഹായിച്ച അത്രയും മറ്റൊരു കമ്പനിയും നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​യുക്രൈൻ സൈന്യം ഉപയോഗിച്ചിരുന്ന സ്റ്റാർലിങ്ക് സേവനങ്ങളുടെ വേഗം പെട്ടെന്ന് കുറച്ചതിനെത്തുടർന്ന് യുക്രൈന്റെ സൈനിക ഡ്രോൺ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മസ്ക് വിഷയം വ്യക്തമാക്കി മുന്നോട്ട് വന്നത്. 

Tags

Share this story