സ്റ്റാർഷിപ്പ് ഭ്രമണപഥത്തിൽ; ഭൂമിയെ വലംവെച്ച് സ്പേസ് എക്സിന്റെ കൂറ്റൻ റോക്കറ്റ്: ചരിത്ര നേട്ടത്തിൽ ആഹ്ലാദാരവങ്ങൾ
ടെക്സസ്: ഇലോൺ മസ്കിന്റെ വിക്ഷേപണ വാഹനമായ 'സ്റ്റാർഷിപ്പ്' (Starship) ചരിത്രത്തിലാദ്യമായി വിജയകരമായി ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ടെക്സസിലെ സ്റ്റാർബേസ് കേന്ദ്രത്തിൽ നിന്ന് കുതിച്ചുയർന്ന ഈ ഭീമൻ റോക്കറ്റ് ഓർബിറ്റിലെത്തിയതായി സ്പേസ് എക്സ് (SpaceX) ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ കൺട്രോൾ റൂമിലും കേന്ദ്രത്തിലും വലിയ ആഹ്ലാദാരവങ്ങൾ ഉയർന്നു.
വിക്ഷേപണത്തിനിടയിൽ എൻജിനുകളിലൊന്ന് പ്രവർത്തനരഹിതമായത് നിമിഷനേരത്തേക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും പ്രതിസന്ധികളെ മറികടന്ന് റോക്കറ്റ് ഭൂമിയുടെ ഭ്രമണപഥം പിടിച്ചെടുക്കുകയായിരുന്നു. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ശേഷിയേറിയതും വലിപ്പമേറിയതുമായ വിക്ഷേപണ വാഹനമാണ് 40 നിലകളുടെ ഉയരമുള്ള സ്റ്റാർഷിപ്പ്.
ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയതിന് പുറമെ 26 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെയും റോക്കറ്റ് വിജയകരമായി ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. ഭാവിയിൽ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള മനുഷ്യന്റെ ബഹിരാകാശ യാത്രകൾക്കും ഉപഗ്രഹ വിക്ഷേപണങ്ങൾക്കും വഴിത്തിരിവാകുന്ന സുപ്രധാന നാഴികക്കല്ലായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
