വടക്കുകിഴക്കൻ ജപ്പാനിൽ ശക്തമായ ഭൂചലനം; ടോക്കിയോയിലും പ്രകമ്പനം, 20-ലേറെ പേർക്ക് പരിക്ക്

ഭൂകമ്പം

ടോക്കിയോ: വടക്കുകിഴക്കൻ ജപ്പാനിലും തലസ്ഥാനമായ ടോക്കിയോയിലും അതിശക്തമായ ഭൂചലനം അനുഭവിച്ചു. റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 20-ലധികം ആളുകൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.

​ഇബാരാക്കി പ്രവിശ്യയിലെ തെക്കൻ മേഖലയിൽ ഭുമിക്കടിയിൽ 70 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെയോടെയാണ് ശക്തമായ പ്രകമ്പനം ഉണ്ടായത്. ഉറക്കത്തിൽ ഞെട്ടിയുണർന്ന ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിനിടയിലാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്.

​ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഗതാഗത സംവിധാനങ്ങളെ ഭൂചലനം ഭാഗികമായി ബാധിച്ചു. ടോക്കിയോയിലെയും നാരിത എയർപോർട്ടിലേക്കുമുള്ള എക്സ്പ്രസ് ട്രെയിൻ സർവീസുകൾ വൈകിയെങ്കിലും ബുള്ളറ്റ് ട്രെയിൻ സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

​മേഖലയിലെ ആണവനിലയങ്ങൾക്ക് കേടുപാടുകളോ അപകടങ്ങളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. 

Tags

Share this story