ദുരന്തങ്ങൾ വിതച്ച പ്രളയത്തിന് പിന്നാലെ ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തി
പ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടങ്ങൾ നേരിട്ട ടിബറ്റിൽ വീണ്ടും ദുരന്തഭീതി വിതച്ച് ശക്തമായ ഭൂചലനം. വടക്കൻ ടിബറ്റിലെ നാഗ്ഖു മേഖലയിലാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂകമ്പമുണ്ടായത്. വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം 10:33 ഓടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂമിക്കടിയിൽ ഏകദേശം 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ചൈന ഭൂകമ്പ നിരീക്ഷണ കേന്ദ്രം (CENC) അറിയിച്ചു. ടിബറ്റിന്റെ തലസ്ഥാനമായ ലാസയിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പ്രഭവികേന്ദ്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ശക്തമായ കുലുക്കം അനുഭവപ്പെട്ടു.
തുടർചലനങ്ങൾക്കും സാധ്യതയുള്ളതിനാൽ അധികൃതർ മേഖലയിൽ കടുത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ദുർഘടമായ പർവ്വതനിരകൾ നിറഞ്ഞ പ്രദേശമായതിനാൽ നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
ആഴ്ചകൾക്ക് മുൻപ് നേപ്പാൾ-ടിബറ്റ് അതിർത്തി മേഖലയിൽ ഉണ്ടായ പ്രളയത്തിലും ഹിമപാതത്തിലും ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു. ആ ദുരന്തത്തിൽ നിന്നുള്ള വീണ്ടെടുക്കൽ നടപടികളും തിരച്ചിലും തുടരുന്നതിനിടയിലാണ് വീണ്ടും ശക്തമായ ഭൂചലനം ഉണ്ടായത്.
