ബലൂചിസ്താനിൽ ട്രെയിനിന് നേരെയുണ്ടായ ചാവേർ സ്ഫോടനം: മരണസംഖ്യ 30 ആയി ഉയർന്നു

Pak

ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ ബലൂചിസ്താനിൽ ട്രെയിനിന് നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി ഉയർന്നു. ഞായറാഴ്ച പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിൽ സുരക്ഷാ ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും സഞ്ചരിച്ചിരുന്ന ഷട്ടിൽ ട്രെയിനിലേക്കാണ് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റിയത്. സംഭവസ്ഥലത്തു വച്ചുതന്നെ 24 പേർ മരണപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കൂടുതൽ പേർ മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ 30 കടന്നത്.

​ഈദ് അൽ അദ്ഹ (ബലിപെരുന്നാൾ) ആഘോഷങ്ങൾക്കായി ജന്മനാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരും അവരുടെ കുടുംബങ്ങളുമായിരുന്നു ട്രെയിനിലുണ്ടായിരുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ എഞ്ചിനും മൂന്ന് കോച്ചുകളും പാളം തെറ്റുകയും രണ്ട് കോച്ചുകൾ മറിയുകയും ചെയ്തു.

​ആക്രമണത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ 'ബലൂച് ലിബറേഷൻ ആർമി' (BLA) ഏറ്റെടുത്തു. തങ്ങളുടെ ഭാഗത്തുനിന്നുള്ള ചാവേർ ബോംബർമാരാണ് ആക്രമണം നടത്തിയതെന്ന് സംഘടന അവകാശപ്പെട്ടു. മേഖലയിലെ പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നതിനെതിരെയും തദ്ദേശവാസികൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെയും ദശകങ്ങളായി പാക് സർക്കാരിനെതിരെ പോരാടുന്ന സംഘടനയാണ് ബി.എൽ.എ. പാകിസ്താൻ സുരക്ഷാ സേനയ്ക്കും ട്രെയിനുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ സമീപകാലത്തായി ഇവർ വലിയ രീതിയിലുള്ള ആക്രമണങ്ങളാണ് നടത്തിവരുന്നത്.

Tags

Share this story