സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ അലപ്പോയിലെ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിനെത്തി; ജനങ്ങൾക്ക് ഈദ് ആശംസകൾ പങ്കുവെച്ചു
ഡമാസ്കസ്: സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ അലപ്പോ നഗരത്തിലെ അബ്ദുള്ള ബിൻ അബ്ബാസ് മസ്ജിദിൽ ഈദ് അൽ അദ്ഹ (ബക്രീദ്) നമസ്കാരത്തിൽ പങ്കെടുത്തു. ഔദ്യോഗിക പദവികൾ വഹിക്കുന്ന പ്രമുഖരും സിറിയൻ ജനതയിലെ വലിയൊരു ജനക്കൂട്ടവും പ്രസിഡന്റിനൊപ്പം നമസ്കാരത്തിൽ പങ്കുചേർന്നു. ഷെയ്ഖ് മുതീ അൽ ബത്തീൻ ആണ് ഈദ് നമസ്കാരത്തിനും പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത്.
ഇസ്‌ലാമിലെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ പ്രത്യാശയെക്കുറിച്ചും, അത് മനുഷ്യനെ കർമ്മോത്സുകരാക്കാനും പുനർനിർമ്മാണ പ്രവർത്തനങ്ങളിലേക്ക് നയിക്കാനും എത്രത്തോളം പ്രേരിപ്പിക്കുന്നു എന്നതിനെക്കുറിച്ചും ഷെയ്ഖ് മുതീ അൽ ബത്തീൻ തന്റെ പെരുന്നാൾ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു.
നേരത്തെ, സിറിയൻ ജനതയ്ക്കും മുസ്ലിം ലോകത്തിനും പ്രസിഡന്റ് അഹമ്മദ് അൽ ഷറ ഈദ് ആശംസകൾ നേർന്നിരുന്നു. സിറിയയിൽ കൂടുതൽ സമാധാനവും സാമ്പത്തിക വളർച്ചയും സമൃദ്ധിയും ഉണ്ടാകാൻ ഈ പുണ്യദിനം കാരണമാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബശ്ശാർ അൽ അസദിന്റെ ഭരണകൂടത്തിന്റെ പതനത്തിന് ശേഷം അധികാരമേറ്റ അഹമ്മദ് അൽ ഷറയുടെ നേതൃത്വത്തിൽ രാജ്യത്ത് വികസനവും പുനരധിവാസവും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
