ചര്‍ച്ച വിജയത്തിലേക്ക്; ഇറാനുമായുള്ള യുദ്ധം ഫലത്തില്‍ അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ്

Trump

തെഹ്‌റാന്‍: ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങള്‍ അനുകൂലമായി നീങ്ങുന്നുണ്ടെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഖത്തര്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രതികരണം. ആക്രമണങ്ങള്‍ വീണ്ടും ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണെന്നും, സംഘര്‍ഷം ഫലത്തില്‍ അവസാനിച്ചുവെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇറാനെതിരെ യു എസും ഇസ്രായേലും നടത്തുന്ന യുദ്ധം നയതന്ത്ര ചര്‍ച്ചകളിലൂടെ അവസാനിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ വീണ്ടും ഉയര്‍ന്നതോടെ, എണ്ണ വിലയിലും വലിയ ഇടിവുണ്ടായിട്ടുണ്ട്.

ഇത് പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകള്‍ കുറയ്ക്കുകയും, വാള്‍സ്ട്രീറ്റില്‍ ഓഹരി വിപണിയില്‍ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്തു. ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ അല്‍ താനി വാഷിംഗ്ടണ്‍ ഡിസിയില്‍ വെച്ച് ട്രംപിനെയും യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സിനെയും കണ്ടിരുന്നു. ഒരു കരാറിലെത്തുന്നതിനും മേഖലയില്‍ സമാധാനം കൊണ്ടുവരുന്നതിനുമുള്ള അനുകൂലമായ ചര്‍ച്ചകള്‍ നടന്നതായി അദ്ദേഹം അറിയിച്ചു. അതേസമയം ഇറാന്‍ മുന്നോട്ടുവെച്ച ഏഴ് നിബന്ധനകള്‍ക്ക് മുന്നില്‍ യു എസ് കീഴടങ്ങണമെന്ന് ഇറാനിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ മൊഹ്സെന്‍ റെസായി ആവശ്യപ്പെട്ടു. സാങ്കല്‍പ്പിക ചര്‍ച്ചകളെക്കുറിച്ച് യു എസ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

ഇറാനുമായുള്ള യുദ്ധം വളരെ വേഗത്തില്‍ അവസാനിച്ചേക്കാമെന്നാണ് യുഎസ് പ്രസിഡന്റ് പറഞ്ഞത്. അതേസമയം, ആവശ്യമെങ്കില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ സംഘര്‍ഷം അവസാനിക്കുന്നതിലേക്കുള്ള ഒരു മുന്നേറ്റം നാം കാണുന്നുണ്ട്. ഇത് വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് തനിക്ക് തോന്നുന്നു. ഇറാന്‍ തങ്ങളുമായി സംസാരിക്കുന്നുണ്ടെന്നും വളരെ മാന്യമായ രീതിയിലാണ് അവര്‍ സംസാരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

സൈനികമായി പറഞ്ഞാല്‍, ഇത് ഫലത്തില്‍ അവസാനിച്ചുകഴിഞ്ഞു. നിലവിലെ സ്ഥിതി തുടരാന്‍ തങ്ങള്‍ അനുവദിക്കുന്നു. അവരുടെ അയല്‍രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തങ്ങള്‍ അങ്ങനെ ചെയ്യുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍, തങ്ങള്‍ മറ്റൊരു വിമാനവാഹിനിക്കപ്പല്‍ കൂടി എത്തിച്ചിട്ടുണ്ട്. തങ്ങളുടെ പക്കല്‍ അത്തരം കപ്പലുകള്‍ ധാരാളമുണ്ട്. ഇപ്പോള്‍ ഒരെണ്ണം കൂടി മധ്യപൂര്‍വേഷ്യയില്‍ എത്തിച്ചേര്‍ന്നു, അങ്ങനെ ആകെ മൂന്നെണ്ണമായി. അവയെല്ലാം പൂര്‍ണ്ണ സജ്ജമാണ്. എന്നാല്‍ അവ ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കി. താന്‍ ഒന്നിനും ഉറപ്പുനല്‍കുന്നില്ല. പക്ഷേ, വീണ്ടും ഇടപെടേണ്ടി വന്നാല്‍, തങ്ങള്‍ പൂര്‍ണ്ണ സജ്ജരായിത്തന്നെ ഇരിക്കുന്നു. ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കില്ല. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ ഇറാനുമായുള്ള അനന്തമായ യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കാന്‍ ഇസ്രായേല്‍ അക്ഷീണം പരിശ്രമിക്കുകയാണെന്ന് ഇറാനിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫും പറഞ്ഞു. പെന്റഗണ്‍ മേധാവി പീറ്റ് ഹെഗ്സെത്തിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ക്കായി റിപ്പബ്ലിക്കന്‍ ലോമേക്കര്‍ തോമസ് മാസി പ്രമേയം സമര്‍പ്പിച്ചു. ഇറാനുമായുള്ള യുദ്ധത്തിലേക്ക് കടന്നതിലൂടെ, കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പ്രതിരോധ സെക്രട്ടറി നിയമവിരുദ്ധമായ ഉത്തരവുകള്‍ ബോധപൂര്‍വ്വം നടപ്പിലാക്കി എന്ന് ആരോപിച്ചാണ് പ്രമേയം.

Tags

Share this story