ഇമ്രാന്‍ ഖാന് താല്‍കാലിക ആശ്വാസം; അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി: വ്യാഴാഴ്ച രാവിലെ വരെ പൊലീസ് നടപടിയില്ല

Lahore

തോഷഖാന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോര്‍ ഹൈക്കോടതി. വ്യാഴാഴ്ച രാവിലെ 10 മണിവരെ പൊലീസ് നടപടിയെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതോടെ പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും സംഘര്‍ഷ മേഖലയായ സമാന്‍ പാര്‍ക്ക് വിട്ടു. കോടതി നിര്‍ദ്ദേശത്തിനും ഉദ്യോഗസ്ഥര്‍ പിന്‍വലിച്ചതിനും തൊട്ടുപിന്നാലെ പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) അനുകൂലികള്‍ ഇമ്രാന്‍ ഖാന്റെ വസതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തി. ഇതിനിടെ ഗ്യാസ് മാസ്‌ക് ധരിച്ച ഇമ്രാന്‍ ഖാന്‍ തന്റെ വസതിയില്‍ നിന്ന് പുറത്തിറങ്ങി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു. 

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാനുള്ള പുതിയ നീക്കത്തില്‍ പഞ്ചാബ് റേഞ്ചേഴ്സും സാമന് പാര്‍ക്കിലെത്തി പൊലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ചേര്‍ന്നിരുന്നു. തോഷഖാന കേസില്‍ ഇമ്രാന്‍ ഖാന് പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യാന്‍ ചൊവ്വാഴ്ചയും പോലീസ് സംഘം അദ്ദേഹത്തിന്റെ സമാന്‍ പാര്‍ക്കിലെ വസതിയില്‍ എത്തിയിരുന്നു. ഇതിനിടെ വിദേശ താരങ്ങള്‍ ഉള്‍പ്പെടുന്ന പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 8 ക്രിക്കറ്റ് മത്സരം അവസാനിക്കുന്നതുവരെ ഇമ്രാന്‍ ഖാന്റെ വസതിയിലേക്ക് പോലീസ് കയറില്ലെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പൊലീസും പിടിഐ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തില്‍ 54 പോലീസുകാര്‍ക്കും എട്ട് സിവിലിയന്മാര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുഴുവന്‍ ഇമ്രാന്‍ ഖാന്റെ അനുയായികള്‍ പോലീസുമായി ആവര്‍ത്തിച്ച് ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ഷെല്ലാക്രമണം നടത്തുന്നതും കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിക്കുന്നതും ടെലിവിഷന്‍ ദൃശ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്തിരുന്നു.

കൂട്ടുകക്ഷി സര്‍ക്കാരിന്റെ 'അശുദ്ധമായ ഉദ്ദേശ്യങ്ങള്‍' ജയിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നതായി പിടിഐ ട്വീറ്റില്‍ പറഞ്ഞു. കൂടുതല്‍ അനുയായികള്‍ സമാന്‍ പാര്‍ക്കില്‍ എത്തുന്നുണ്ടെന്നും പാര്‍ട്ടി അറിയിച്ചു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, വിദേശ പ്രമുഖരില്‍ നിന്ന് ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റതിന് പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇമ്രാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. നിരവധി സമന്‍സുകള്‍ അവഗണിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുകയും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ വീഡിയോ സന്ദേശവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. താന്‍ ജയിലില്‍ കിടന്നാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.  ഒരു മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം ട്വിറ്ററിലാണ് ഇമ്രാന്‍ പങ്കുവെച്ചത്. 'രാജ്യത്തിനുള്ള എന്റെ സന്ദേശം സ്വാതന്ത്ര്യത്തിനും നിയമവാഴ്ചയ്ക്കും വേണ്ടി ദൃഢനിശ്ചയത്തോടെ നില്‍ക്കാനും പോരാടാനുമാണെന്ന് ട്വീറ്ററില്‍ കുറിച്ചതിനൊപ്പമാണ് വീഡിയോ സന്ദേശം.  

Share this story