ഹോർമൂസ് കടലിടുക്കിൽ സംഘർഷം മുറുകുന്നു: യുഎസ് ഉപരോധം മറികടന്ന് കപ്പലുകൾ; വെള്ളിിയാഴ്ച നിർണായക ചർച്ചയ്ക്ക് ഫ്രാൻസും ബ്രിട്ടനും
പാരിസ്: ഹോർമൂസ് കടലിടുക്കിൽ ഇറാനുമാലള്ള ബന്ധം വഷളായതിനെത്തുടർന്ന് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ച് കപ്പലുകൾ കടന്നുപോകുന്നത് മേഖലയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. യുഎസ് ഉപരോധം ഏർപ്പെടുത്തിയ ചൈനീസ് ടാങ്കർ 'റിച്ച് സ്റ്റാറി' (Rich Starry) ഉപരോധം മറികടന്ന് കടലിടുക്കിലൂടെ കടന്നുപോയതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
ഇറാന്റെ തുറമുഖങ്ങളിൽ നിന്നുള്ള എണ്ണക്കയറ്റുമതിയും ചരക്കുനീക്കവും തടയുന്നതിന്റെ ഭാഗമായാണ് അമേരിക്കൻ സൈന്യം കടലിടുക്കിൽ ഉപരോധം പ്രഖ്യാപിച്ചത്. നിയമങ്ങൾ ലംഘിക്കുന്ന ഇറാനിയൻ കപ്പലുകളെ നശിപ്പിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ഉപരോധം ലംഘിച്ചുള്ള കപ്പൽ യാത്രകൾ റിപ്പോർട്ട് ചെയ്യുന്നത്.
സമാധാന ചർച്ചകളുമായി യൂറോപ്യൻ രാജ്യങ്ങൾ
മേഖലയിലെ സംഘർഷം ആഗോള എണ്ണ വിപണിയെയും സുരക്ഷയെയും ബാധിക്കാതിരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഇടപെടൽ ആരംഭിച്ചു. ഹോർമൂസ് കടലിടുക്കിലെ ചരക്കുനീക്കം സുരക്ഷിതമാക്കുന്നതിനായി വരാനിരിക്കുന്ന വെള്ളിയാഴ്ച ഫ്രാൻസും യുണൈറ്റഡ് കിംഗ്ഡവും ചേർന്ന് പാരിസിൽ ഒരു ഉന്നതതല സമ്മേളനം വിളിച്ചുചേർക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും സംയുക്തമായി ഈ ചർച്ചകൾക്ക് നേതൃത്വം നൽകും.
സമുദ്രപാതയുടെ സുരക്ഷയ്ക്കായി ഒരു ബഹുരാഷ്ട്ര ദൗത്യം രൂപീകരിക്കുന്നതിനെക്കുറിച്ചായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക. യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ വെള്ളിയാഴ്ച നടക്കുന്ന ഈ യോഗം ആഗോളതലത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.
