പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; രൂക്ഷമായ ഷെല്ലാക്രമണം, നിരവധി പേർക്ക് പരുക്ക്
Oct 15, 2025, 10:20 IST

പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ബുധനാഴ്ച പുലർച്ചെ പാക്-അഫ്ഗാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഏറ്റുമുട്ടൽ നടന്നു. ഇരുവശത്തുമുള്ളവർക്ക് പരുക്കേറ്റിട്ടുണ്ട്.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിനും അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിനും ഇടയിലെ അതിർത്തി ജില്ലയായ സ്പിൻ ബോൾഡാക്കിൽ പുലർച്ചെ നാല് മണിയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. പാക് സൈന്യം ജനവാസകേന്ദ്രങ്ങളിൽ ഷെല്ലാക്രമണം നടത്തിയെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ഖോസ്ത് പ്രവിശ്യയിലെ അതിർത്തിക്ക് സമീപം പാക്-അഫ്ഗാൻ അന്താരാഷ്ട്ര അതിർത്തിയായ ഡ്യൂറൻഡ് ലൈനിൽ ചൊവ്വാഴ്ച രാത്രി വെടിവെപ്പ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം വീണ്ടും വർധിച്ചത്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ 23 പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.