മാർച്ച് 15 നകം സൈന്യത്തെ പിൻവലിക്കണം; ഇന്ത്യയോട് കടുപ്പിച്ച് മാലദ്വീപ്

Mali PM Modi

മാലി: മാലദ്വീപിൽ നിന്ന് മാർച്ച് 15 നകം ഇന്ത്യൻ സൈനികരെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയ്സു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടിയിരുന്നു. അതിനു പുറകേയാണ് മുയ്സു പുതിയ സമയ പരിധി ഇന്ത്യക്ക് നൽകിയിരിക്കുന്നത്.പ്രസിഡന്‍റ് ഓഫിസിലെ സെക്രട്ടറി അബ്ദുല്ല നസീം ഇബ്രാഹിമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിലവിൽ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്. പ്രസിഡന്‍റിന്‍റെ നയം പ്രകാരം ഇന്ത്യൻ സൈനികർ മാലദ്വീപിൽ തുടരാൻ പാടില്ലെന്നും സെക്രട്ടറി വ്യക്തമാക്കി. ഇരു രാജ്യങ്ങളിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ചേർന്ന് ഉന്നത തല കോർഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഞായറാഴ്ച രാവിലെ മാലിയിലാണ് ഗ്രൂപ്പിന്‍റെ ആദ്യയോഗം നടന്നത്. ഇന്ത്യൻ ഹൈ കമ്മിഷണർ മുനു മഹേശ്വറും യോഗത്തിൽ പങ്കെടുത്തിരുന്നു.

ഈ യോഗത്തിലാണ് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ചൈനീസ് അനുകൂല നയങ്ങളുള്ള മുയ്സു അധികാരത്തിലേറിയ ഉടൻ തന്നെ ഇന്ത്യയോട് സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

Share this story