ഓസ്റ്റിനിൽ കാണാതായ മലയാളി യുവാവ് ജെയ്‌സൺ ജോണിന്‍റെ മൃതദേഹം കണ്ടെത്തി

ഓസ്റ്റിൻ: ടെക്സസിൽ കാണാതായ മലയാളി യുവാവ് ജെയ്‌സൺ ജോണിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ടോടെ ജെയ്‌സണിനെ കാണാതായ താടാകത്തിന്‍റെ ഭാഗത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഈ മാസം 5നാണ് ജെയ്‌സണിനെ (30) കാണാതാവുന്നത്. 9 ദിവസങ്ങളായി ജെയ്‌സണിനു വേണ്ടിയുള്ള തെരച്ചിലിലായിരുന്നു അധികൃതർ. എന്നാൽ മൃതദേഹം കണ്ടെത്താനായിരുന്നില്ല. തണുത്ത ജലമായതിനാലാണ് ഇത്ര ദിവസമായി മൃതദേഹം കണ്ടെത്താനാകാതെ പോയതെന്നാണ് നിഗമനം.
ജെയ്‌സണിനെ കാണാതായതു മുതൽ കുടുംബവും അധികൃതരും ഊർജിതമായ തെരച്ചിൽ നടത്തി വരുകയായിരുന്നു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശീലനം ലഭിച്ച 2 നായകളുമായി ബോട്ടിൽ തെരച്ചിൽ നടത്തിയിരുന്നു. തടാകത്തിന്‍റെ ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ നായകൾ കുറച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് മുങ്ങൽ വിദഗ്ദർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
ഓസ്റ്റിൻ മേയർ കുടുംബത്തിന് പൂർണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഓസ്റ്റിൻ പൊലീസ് ഡിപ്പാർട്ട്‌മെന്‍റ് ചീഫ് ചാക്കോണുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്ന് മേയർ വാട്‌സൺ പറഞ്ഞു. ജെയ്‌സണിനെ കണ്ടെത്താൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് പൊലീസ് മേധാവി ഉറപ്പു നൽകിയതായും മേയർ ട്വീറ്റ് ചെയ്തിരുന്നു.
ജെയ്‌സണിനെ കാണാതായത് മുതൽ ഫോമയും ഫോമാ മുൻ പ്രസിഡന്‍റും കുടുംബ സുഹൃത്തുമായ ഫിലിപ്പ് ചാമത്തിലും സജീവമായി രംഗത്തെത്തിയിരുന്നു. കൂടാതെ ഹ്യൂസ്റ്റനിൽ ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്ട് ജഡ്ജി സുരേന്ദ്രൻ പട്ടേൽ ഞായറാഴ്ച ഓസ്റ്റിനിലെത്തി കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദർശിച്ചു. ജെയ്‌സണിനെ കണ്ടെത്താൻ തന്‍റെ എല്ലാ സഹായങ്ങളും നൽകുമെന്നും ജെയ്‌സണിന്‍റെ കുടുംബത്തിന് സുരേന്ദ്രൻ പട്ടേൽ ഉറപ്പ് നൽകി.
ന്യൂയോര്‍ക്കിൽ പോര്‍ട്ട്‌ചെസ്റ്റര്‍ എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ച് അംഗങ്ങളാണ് ജെയ്‌സണിന്‍റെ കുടുംബം. ഐടി രംഗത്തു പ്രവര്‍ത്തിക്കുന്ന ജേസണ്‍ റൂം മേറ്റിനൊപ്പമാണ് ഓസ്റ്റിനില്‍ താമസിക്കുന്നത്. ഞായറാഴ്ച്ച പുലർച്ചെ മുതലാണ് ജെയ്‌സൺ ജോണിനെ കാണാതായത്. പുലര്‍ച്ചെ ഏകദേശം 2:18 നാണ് ജെയ്‌സണിനെ അവസാനമായി വീഡിയോ ദൃശ്യങ്ങളിൽ കാണുന്നത്. താടകത്തിന്‍റെ എതിർവശത്തുള്ള ഒരു ഹോളിഡേ ഇന്നിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങളുണ്ട്.