കോളനിവത്കരണ കാലം കഴിഞ്ഞു; ഇന്ത്യയോടും ചൈനയോടും ആ രീതിയിൽ സംസാരിക്കരുത്: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി പുടിൻ

ബീജിങ്: ഇന്ത്യയോടും ചൈനയോടും ഭീഷണി കലർന്ന ഭാഷയിൽ സംസാരിക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. താരിഫുകൾ ഉപയോഗിച്ച് ഈ രാജ്യങ്ങളെ ശിക്ഷിക്കാൻ ശ്രമിക്കുന്നത് കോളനിവത്കരണ കാലത്തെ ഓർമ്മിപ്പിക്കുന്നുവെന്നും പുടിൻ പറഞ്ഞു. രണ്ട് രാജ്യങ്ങളും ശക്തമായ സാമ്പത്തിക ശക്തികളാണ്, അവർക്ക് അവരുടേതായ ആഭ്യന്തര രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്. അതിനാൽ അവരോട് ആ രീതിയിൽ സംസാരിക്കാൻ കഴിയില്ലെന്നും പുടിൻ കൂട്ടിച്ചേർത്തു.
ചൈനയിലെ ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പുടിന്റെ പ്രതികരണം.
ഇന്ത്യയെയും ചൈനയെയും പോലുള്ള രാജ്യങ്ങൾ കോളനിവത്കരണത്തിന്റെയും അവരുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണങ്ങളുടെയും കഠിനമായ കാലഘട്ടങ്ങളെ അതിജീവിച്ചവരാണ്. അത്തരം രാജ്യങ്ങളിലെ നേതാക്കൾ ബലഹീനത കാണിച്ചാൽ അവരുടെ രാഷ്ട്രീയ ഭാവിക്ക് അത് തിരിച്ചടിയാകുമെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെ അവർക്ക് വഴങ്ങിക്കൊടുക്കാൻ കഴിയില്ലെന്നും പുടിൻ ചൂണ്ടിക്കാട്ടി.
"കോളനിവത്കരണ കാലം അവസാനിച്ചതുപോലെ, തങ്ങളുടെ പങ്കാളികളോട് ഈ സ്വരത്തിൽ സംസാരിക്കാൻ കഴിയില്ലെന്ന് അമേരിക്ക തിരിച്ചറിയണം," അദ്ദേഹം പറഞ്ഞു. അതേസമയം, ഭാവിയിൽ സാധാരണ രാഷ്ട്രീയ സംഭാഷണങ്ങൾ പുനരാരംഭിക്കാൻ കഴിയുമെന്നും പുടിൻ പ്രതീക്ഷ പ്രകടിപ്പിച്ചു. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യക്ക് നേരെ യുഎസ് താരിഫ് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് പുടിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്.