ട്രംപിന് കടന്നുപോകാൻ ഫ്രഞ്ച് പ്രസിഡന്റിനെ തടഞ്ഞു; കാറിൽ നിന്നിറങ്ങി ഫോൺ ചെയ്ത് കാൽനടയായി മക്രോൺ

ന്യൂയോർക്കിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് വഴിയിൽ കുടുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നു പോകുന്നതിനായി റോഡുകൾ അടച്ചതോടെയാണ് മക്രോൺ തെരുവിൽ കുടുങ്ങിയത്. ഇതോടെ കാറിൽ നിന്നിറങ്ങിയ മക്രോൺ ട്രംപിനെ ഫോണിൽ വിളിച്ചു.
യുഎൻ പൊതുസമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം എംബസിയിലേക്ക് തിരികെ പോകുന്നതിനിടെയാണ് മക്രോണിനെ പോലീസ് തടഞ്ഞത്. വണ്ടി തടഞ്ഞത് എന്തിനാണെന്ന് അറിഞ്ഞതോടെ വിഷയം തമാശ രൂപത്തിലെടുക്കുകയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഉടനെ കാറിൽ നിന്നിറങ്ങി ട്രംപിനെ വിളിച്ച് സുഖമാണോ എന്നും നിങ്ങൾക്ക് പോകാനായി എന്നെ റോഡിൽ തടഞ്ഞിട്ടിരിക്കുകയാണെന്നും ചിരിച്ചു കൊണ്ട് പറഞ്ഞു
ഇതിനിടെ ട്രംപിന്റെ വാഹനവ്യൂഹം ഇതുവഴി കടന്നു പോകുകയും ചെയ്തു. പിന്നാലെ റോഡ് പോലീസ് തുറന്ന് കൊടുത്തു. എന്നാൽ ഫോൺ ചെയ്ത് കാൽനടയായി മുന്നോട്ടു നടക്കുകയായിരുന്നു മക്രോൺ ചെയ്തത്. സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ ഫ്രഞ്ച് പ്രസിഡന്റ് തെരുവിലൂടെ നടക്കുന്നത് കണ്ട് ആളുകൾ അമ്പരപ്പോടെ നോക്കുന്നതും ആശംസകൾ നേരാൻ എത്തുന്നതും കാണാം.