ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ കപ്പലിനെ ആക്രമിച്ചു; രക്ഷിച്ചെടുത്ത് ഇന്ത്യന്‍ നാവികസേന

ഏദന്‍ ഉള്‍ക്കടലില്‍ ഹൂതികള്‍ ആക്രമിച്ച അമേരിക്കൻ കപ്പലിനെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. ഹൂതികളെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് അമേരിക്കന്‍ കപ്പലായ ജെന്‍കോ പിക്കാര്‍ഡിക്കു നേരെ ഏദന്‍ ഉള്‍ക്കടലില്‍ ഡ്രോണ്‍ ആക്രമണം നടന്നത്. തീപിടിച്ച കപ്പലിലെ ജീവനക്കാരെ രക്ഷിച്ചത് ഇന്ത്യന്‍ നാവികസേന സംഘമാണ്. ഒമ്പത് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷിക്കാന്‍ മേഖലയില്‍ വിന്യസിച്ചിരുന്ന യുദ്ധക്കപ്പല്‍ വഴിതിരിച്ചുവിട്ടതായി ഇന്ത്യ അറിയിച്ചു.

വിക്ഷേപണത്തിന് തയ്യാറായ 14 ഹൂതി മിസൈല്‍ തകര്‍ത്തതായി അമേരിക്ക വ്യക്തമാക്കി. യമനിലെ ഹൂതി നിയന്ത്രിത കേന്ദ്രങ്ങളിലേക്ക് അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. അടുത്തിടെ നാലാം തവണയാണ് ഹൂതി കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിക്കുന്നത്. ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണത്തില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഹൂതികളുടെ നിലപാട്. ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിനുള്ള മറുപടിയാണ് തങ്ങളുടെ ആക്രമണമെന്നും ഹൂതികള്‍ വ്യക്തമാക്കി.

അതേസമയം, വിമത ഗ്രൂപ്പിനെതിരായ സൈനിക നടപടി വാണിജ്യ ഷിപ്പിംഗിനെതിരായ ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് സമ്മതിച്ചപ്പോഴും യെമനിലെ ഹൂതികൾക്കെതിരായ ആക്രമണം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കെതിരെ അമേരിക്ക അഞ്ചാം റൗണ്ട് ആക്രമണം നടത്തിയതിന് പിന്നാലെ വ്യാഴാഴ്ചയാണ് ബൈഡൻ തന്റെ പരാമർശം നടത്തിയത്. മേഖലയിലെ വ്യാപാര കപ്പലുകൾക്കും യുഎസ് നേവി കപ്പലുകൾക്കും ആസന്നമായ ഭീഷണി ആണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) പ്രസ്താവനയിൽ പറഞ്ഞു.

Share this story