വിഷക്കൂൺ നൽകി ഭർതൃ മാതാപിതാക്കളെയും അമ്മായിയെയും കൊന്നു; സ്ത്രീക്ക് 33 വർഷം ഏകാന്ത തടവ്
Sep 8, 2025, 11:44 IST

ഓസ്‌ട്രേലിയയിൽ വിഷക്കൂൺ നൽകി ഭർത്താവിന്റെ മാതാപിതാക്കളെയും അമ്മായിയെയും കൊന്ന കേസിൽ കുറ്റവാളിയായ എറിൻ പാറ്റേഴ്‌സൺ എന്ന 50കാരിക്ക് ജീവപര്യന്തം തടവുശിക്ഷ. 33 വർഷം കഴിഞ്ഞ് മാത്രമേ എറിന് പരോൾ പോലും ലഭിക്കൂ. ഇതോടെ 50കാരിയായ എറിന് ഇനി പുറംലോകം കാണണമെങ്കിൽ 83 വയസാകണം.
ഏകാന്ത തടവാണ് ഇവർക്ക് വിധിച്ചിരിക്കുന്നത്. 2023ലാണ് കേസിനാസ്പദമായ സംഭവം. അകന്നു കഴിയുന്ന ഭർത്താവിനെയും ഭർതൃമാതാപിതാക്കളെയും അമ്മാവനെയും അമ്മായിയെയും വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയാണ് വിഷക്കൂൺ നൽകി കൊന്നത്. എന്നാൽ ഭർത്താവ് സൈമൺ ക്ഷണം സ്വീകരിച്ച് എറിന്റെ വീട്ടിൽ എത്തിയിരുന്നില്ല
ഭർതൃമാതാപിതാക്കളായ ഡോൺ, ഗെയിൽ പാറ്റേഴ്‌സൺ, അമ്മായി ഹീതർ വിൽക്കിൻസൺ എന്നിവർ വിരുന്നിന് വരികയും എറിൻ പാചകം ചെയ്ത് നൽകിയ വിഷക്കൂൺ കഴിക്കുകയും ചെയ്തു. 12 അംഗ ജൂറിയാണ് എറിനെ കുറ്റക്കാരിയായി കണ്ടെത്തിയത്.