സമാധാന കരാർ പൂർത്തിയായി, ഇനി എണ്ണ പ്രവഹിക്കട്ടെ; ലോകത്തിലെ കപ്പലുകളേ എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ: പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്

Hormuz Trumb

വാഷിങ്ടൺ: മാസങ്ങളായി നിലനിന്നിരുന്ന കടുത്ത അന്താരാഷ്ട്ര സംഘർഷങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെയാണ് ലോകത്തെ ഒന്നടങ്കം ആശ്വസിപ്പിച്ചുകൊണ്ടുള്ള ട്രംപിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത്.

​"എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. ഹോർമുസ് കടലിടുക്ക് യാതൊരുവിധ ടോളും (ചുങ്കം) ഇല്ലാതെ തുറന്നുകൊടുക്കാൻ ഞാൻ ഇതിനാൽ പൂർണ അധികാരം നൽകുന്നു. അതോടൊപ്പം യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയുടെ ഉപരോധം ഉടനടി നീക്കം ചെയ്യാൻ ഉത്തരവിടുകയും ചെയ്യുന്നു. ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എഞ്ചിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ... ഇനി എണ്ണ പ്രവഹിക്കട്ടെ!" - ട്രംപ് കുറിച്ചു.

 

​ഈ വർഷം ഫെബ്രുവരി മുതൽ യുഎസും ഇസ്രായേലും സംയുക്തമായി ഇറാനെതിരെ നടത്തിയ സൈനിക നീക്കങ്ങളും, തിരിച്ചടിയായി യുഎസ്-ഇസ്രായേൽ താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളും മിഡിൽ ഈസ്റ്റിനെ യുദ്ധഭീതിയിലാഴ്ത്തിയിരുന്നു. ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടഞ്ഞുകിടന്നത് ആഗോളതലത്തിൽ വലിയ സാമ്പത്തിക പ്രതിസന്ധിക്കും എണ്ണവില വർദ്ധനവിനും കാരണമായിരുന്നു.

​പാകിസ്ഥാന്റെ മുഖ്യ മധ്യസ്ഥതയിൽ നടന്ന തീവ്രമായ നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ വെടിനിർത്തലും സമാധാന ഉടമ്പടിയും സാധ്യമായിരിക്കുന്നത്. കരാർ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കും. അമേരിക്ക ഇറക്കുമതി ഉപരോധങ്ങളിൽ ഇളവ് വരുത്തുന്നതോടെ ആഗോള വിപണിയിലേക്ക് ഇറാന്റെ എണ്ണ വീണ്ടുമെത്തും. പ്രഖ്യാപനം വന്നതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്. വരുന്ന ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഇരുരാജ്യങ്ങളും സമാധാന കരാറിൽ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Tags

Share this story