ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി; ഭദ്രാപൂരിൽ ദുരന്തം വഴിമാറിയത് തലനാരിഴക്ക്
Jan 3, 2026, 08:14 IST
നേപ്പാളിലെ ഭദ്രാപൂരിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ ദൂരത്തേക്ക് തെന്നി മാറി. ബുദ്ധ എയറിന്റെ ടർബോപ്രോപ് പാസഞ്ചർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ 51 യാത്രക്കാരും നാല് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണെന്ന് എയർലൈൻ അറിയിച്ചു.
തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം റൺവേയിൽ നിന്ന് 200 മീറ്റർ അകലെ ഒരു അരുവിക്ക് സമീപത്തേക്കാണ് തെന്നിമാറിയത്. വിമാനത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേപ്പാളിൽ വിമാനാപകടങ്ങൾ പതിവ് സംഭവമാകുകയാണ്. 2024 ജൂലൈയിൽ സൗര്യ എയർലൈൻസിന്റെ ബോംബാർഡിയർ വിമാനം തകർന്നുവീണ് 18 പേർ മരിച്ചിരുന്നു. 2023 ജനുവരിയിൽ യതി എയർലൈനിന്റെ വിമാനം പൊഖാറയിൽ ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിലുണ്ടായിരുന്ന 68 യാത്രക്കാരടക്കം 72 പേർ മരിച്ചിരുന്നു.
