സാഹചര്യങ്ങൾ നിരീക്ഷിച്ച് വരികയാണ്; കെജ്രിവാളിന്റെ അറസ്റ്റിൽ വീണ്ടും പ്രതികരണവുമായി അമേരിക്ക

kejriwal

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ വീണ്ടും പ്രതികരണവുമായി അമേരിക്ക. നേരത്തെ വിഷയത്തിൽ പ്രതികരിച്ചതിൽ അമേരിക്കൻ ഉദ്യോഗസ്ഥയെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. എന്നാൽ ഇത് കണക്കിലെടുക്കാതെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നിലപാട് ആവർത്തിച്ചത്

കെജ്രിവാളിന്റെ അറസ്റ്റിന് ശേഷമുള്ള സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യു മില്ലർ പറഞ്ഞു. അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന കോൺഗ്രസിന്റെ പരാതിയെ കുറിച്ചും തങ്ങൾക്ക് അറിയാമെന്ന് അമേരിക്ക പറഞ്ഞു. അമേരിക്കൻ നിലപാടിനെ ആരെങ്കിലും എതിർക്കേണ്ട കാര്യമില്ലെന്നും യുഎസ് തുറന്നടിച്ചു

കെജ്രിവാളിന്റെ നിയമനടപടിയിൽ സുതാര്യവും നിഷ്പക്ഷവുമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായാണ് യുഎസ് ആദ്യം പ്രതികരിച്ചത്. ഇതിന് പിന്നാലെ യുഎസ് ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ പറഞ്ഞിരുന്നു.
 

Share this story