ട്രംപ് ഭരണകൂടം ലോകമെമ്പാടുമുള്ള യു.എസ്. വിസ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവെച്ചു

അമേരിക്കൻ വിസ

വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള യു.എസ്. എംബസികളിലും കോൺസുലേറ്റുകളിലും വിസ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം തീരുമാനിച്ചു. കുടിയേറ്റ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്കായി ആഗോളതലത്തിൽ പ്രത്യേക പരിശീലനം (Global Training Initiative) ആരംഭിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി.

​പരിശീലനം പൂർത്തിയാകുന്ന മുറയ്ക്ക് വിസ സേവനങ്ങൾ പുനഃക്രമീകരിക്കുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചു. അമേരിക്കൻ ഭരണകൂടത്തിൽ നിന്ന് സാമ്പത്തിക സഹായങ്ങളെ (Public Benefits) ആശ്രയിക്കാൻ സാധ്യതയുള്ള അപേക്ഷകരെ കൃത്യമായി തിരിച്ചറിഞ്ഞ് ഒഴിവാക്കാനും, വിസ അപേക്ഷകൾ കൂടുതൽ കർശനമായും കൃത്യമായും പരിശോധിക്കാനും ഉദ്ദേശിച്ചാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നത്.

​നിലവിൽ അഭിമുഖ തീയതികൾ നിശ്ചയിച്ചിരുന്ന കുടിയേറ്റ വിസ (Immigrant Visa) അപേക്ഷകർക്ക് തീയതികൾ മാറ്റിവെച്ചതായും, പുതിയ അപ്പോയിന്റ്‌മെന്റ് തീയതി പിന്നീട് അറിയിക്കുമെന്നും എംബസികളിൽ നിന്ന് സന്ദേശം ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

​ട്രംപ് ഭരണകൂടം രണ്ടാം തവണ അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യസുരക്ഷ മുൻനിർത്തി അനധികൃത കുടിയേറ്റ തടയലിനൊപ്പം നിയമപരമായ കുടിയേറ്റ നിബന്ധനകളും കടുപ്പിച്ചിരുന്നു. പുതിയ നടപടിയെ തുടർന്ന് ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിസ അപേക്ഷകരുടെ തുടർനടപടികൾ വൈകാൻ സാധ്യതയുണ്ട്.

Tags

Share this story