ഇറാൻ യുദ്ധത്തിനായി അമേരിക്ക ചിലവാക്കിയത് 25 ബില്യൺ ഡോളർ; നാസയുടെ വാർഷിക ബജറ്റിന് തുല്യമായ തുകയെന്ന് പെന്റഗൺ

US Missale

ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവാക്കിയതായി പെൻ്റഗൺ വെളിപ്പെടുത്തി. ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് മുതിർന്ന പെൻ്റഗൺ ഉദ്യോഗസ്ഥൻ യുദ്ധത്തിൻ്റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) ഈ വർഷത്തെ മുഴുവൻ ബജറ്റിന് തുല്യമാണ് ഈ തുക.

നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് (Midterm Elections) മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, ട്രംപ് ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ കണക്കുകൾ. യുദ്ധത്തിൻ്റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന ആക്ഷേപം ഡെമോക്രാറ്റുകൾ ശക്തമാക്കിയിട്ടുണ്ട്.

ചെലവാക്കിയ തുകയിൽ ഭൂരിഭാഗവും യുദ്ധസാമഗ്രികൾക്കായാണ് ഉപയോഗിച്ചതെന്ന് പെന്റഗൺ കംപ്‌ട്രോളർ ജൂൾസ് ഹർസ്റ്റ് നിയമനിർമ്മാതാക്കളോട് പറഞ്ഞു. എന്നാൽ മിഡിൽ ഈസ്റ്റിലെ തകർന്ന സൈനിക താവളങ്ങളുടെ പുനർനിർമ്മാണ ചെലവ് ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.

ചെലവിനെ ന്യായീകരിച്ച് പ്രതിരോധ സെക്രട്ടറി

ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏത് വിലയും നൽകാൻ അമേരിക്ക തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. "ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിങ്ങൾ എത്ര തുക നൽകാൻ തയ്യാറാകും?" എന്ന് അദ്ദേഹം നിയമനിർമ്മാതാക്കളോട് ചോദിച്ചു. യുദ്ധത്തെ വിമർശിക്കുന്ന ഡെമോക്രാറ്റിക് അംഗങ്ങൾ ശത്രുക്കൾക്ക് പ്രചാരണം നൽകുകയാണെന്നും അദ്ദേഹം ആഞ്ഞടിച്ചു. ഇറാൻ യുദ്ധം ഒരു പ്രതിസന്ധിയിലല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ദുർബലമായ ഒരു വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും മൂന്ന് വിമാനവാഹിനിക്കപ്പലുകൾ ഉൾപ്പെടെ പതിനായിരക്കണക്കിന് സൈനികരെ അമേരിക്ക ഇപ്പോഴും മേഖലയിൽ നിലനിർത്തുന്നുണ്ട്.

സാമ്പത്തിക പ്രത്യാഘാതങ്ങളും തിരഞ്ഞെടുപ്പും

യുദ്ധം ആരംഭിച്ചത് മുതൽ എണ്ണ, പ്രകൃതിവാതക വിതരണത്തിൽ ഉണ്ടായ തടസ്സങ്ങൾ അമേരിക്കയിലെ പെട്രോൾ വില നമിനാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിച്ചു. വളം ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ വിലയും കുതിച്ചുയരുകയാണ്. പണപ്പെരുപ്പം നിയന്ത്രിക്കാനാകാത്തത് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ വിജയസാധ്യതകളെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.

യുദ്ധം ആരംഭിച്ചതിന് ശേഷം പ്രസിഡന്റ് ട്രംപിന്റെ ജനപ്രീതിയിൽ വൻ ഇടിവുണ്ടായതായി റോയിട്ടേഴ്സ്/ഇപ്‌സോസ് പോൾ (Reuters/Ipsos poll) വ്യക്തമാക്കുന്നു. ഏപ്രിൽ പകുതിയോടെ 36 ശതമാനമായിരുന്ന യുദ്ധത്തിനുള്ള പൊതുജനപിന്തുണ ഇപ്പോൾ 34 ശതമാനമായി കുറഞ്ഞിട്ടുണ്ട്. യുദ്ധത്തിന്റെ ചിലവും നാശനഷ്ടങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Tags

Share this story