ഭയാനകമായ പ്രത്യാഘാതമുണ്ടാകും; ഇന്ത്യയ്ക്ക് അസിം മുനീറിൻ്റെ ഭീഷണി

Asam Muneer Pak

ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നീക്കത്തിൽ കനത്ത തിരിച്ചടി നേരിട്ടതിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും പ്രകോപനപരമായ ഭീഷണിയുമായി പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പാകിസ്ഥാന്റെ പരമാധികാരത്തിന് നേരെ എന്തെങ്കിലും തരത്തിലുള്ള നീക്കങ്ങൾ ഭാവിയിൽ ഉണ്ടായാൽ അതിന്റെ പ്രത്യാഘാതം അത്യന്തം അപകടകരവും ദൂരവ്യാപകവും ശത്രുവിന് വേദനയേറിയതുമായിരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സിൽ (GHQ) നടന്ന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മുനീർ. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു, നാവികസേനാ മേധാവി അഡ്മിറൽ നവീദ് അഷ്റഫ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മുനീറിന്റെ ഭീഷണി മുഴക്കൽ എന്ന് പാകിസ്ഥാൻ പത്രമായ 'ഡോൺ' റിപ്പോർട്ട് ചെയ്തു.

യുദ്ധം നിയന്ത്രിതമായിരിക്കില്ലെന്ന് മുന്നറിയിപ്പ്

"നമ്മുടെ ശത്രുക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്, പാകിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും സാഹസത്തിന് മുതിർന്നാൽ ആ യുദ്ധത്തിന്റെ ആഘാതം പരിമിതമായിരിക്കില്ല. മറിച്ച് അത് അതിശക്തവും അപകടകരവും ശത്രുവിന് കടുത്ത വേദന നൽകുന്നതുമായിരിക്കും," അസിം മുനീർ പറഞ്ഞു. ഈ ദിവസം പാകിസ്ഥാനിലെ ജനങ്ങൾക്കും സായുധ സേനയ്ക്കും അഭിമാനകരമായ ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം മെയ് 6-7, മെയ് 10 രാത്രികളിൽ പാകിസ്ഥാന്റെ പരമാധികാരവും പ്രദേശവും ലംഘിച്ച് ശത്രു നടത്തിയ നീക്കങ്ങൾ പരാജയപ്പെട്ടുവെന്നാണ് മുനീറിന്റെ അവകാശവാദം. ദേശീയ ഐക്യത്തോടും സൈനിക ശക്തിയോടും കൂടി അതിന് മറുപടി നൽകിയെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂറി'ൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെങ്കിലും ഇത് രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നുവെന്നും അതിൽ സത്യം വിജയിച്ചുവെന്നുമാണ് മുനീർ ഇപ്പോൾ അവകാശപ്പെടുന്നത്.

ഇന്ത്യയ്ക്കെതിരെ ആരോപണങ്ങൾ

2001, 2008, 2016, 2019 വർഷങ്ങളിൽ ഇന്ത്യ 'ഫോൾസ് ഫ്ലാഗ്' ഓപ്പറേഷനുകൾ നടത്തിയതായി മുനീർ ആരോപിച്ചു. രാഷ്ട്രീയവും സൈനികവുമായ താൽപ്പര്യങ്ങൾക്കായി പാകിസ്ഥാന്റെ മേൽ നിയമവിരുദ്ധമായ യുദ്ധം അടിച്ചേൽപ്പിക്കാനാണ് ഇന്ത്യ എന്നും ശ്രമിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങളും അതിശയോക്തിയും യുദ്ധക്കൊതിയും വഴി തെറ്റായ ആക്രമണങ്ങൾക്കാണ് ഇന്ത്യ മുതിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭാവിയിൽ പാകിസ്ഥാന്റെ ശത്രുക്കൾ അത്തരമൊരു നീക്കത്തിന് തുനിഞ്ഞാൽ യുദ്ധത്തിന്റെ ഫലം ഭയാനകമായിരിക്കുമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ആവർത്തിച്ചു. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തിൽ തന്റെ സേനയുടെ ആത്മവീര്യം വീണ്ടെടുക്കാനാണ് മുനീർ ഇത്തരത്തിൽ പ്രകോപനപരമായ പ്രസംഗം നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

Tags

Share this story