'അവരെ വിശ്വസിക്കാൻ കൊള്ളില്ല'; ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ പാകിസ്താൻ പ്രതിരോധ മന്ത്രി
ഇസ്ലാമാബാദ്: ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച നിർദേശങ്ങൾക്കെതിരെ കടുത്ത പ്രതികരണവുമായി പാകിസ്താൻ. യു.എസിന്റെയും ഇസ്രായേലിന്റെയും നീക്കങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി. ഇസ്രായേൽ മനുഷ്യരാശിക്ക് തന്നെ ശാപമാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സമാധാന നീക്കങ്ങളെ പരിഹസിച്ച ഖ്വാജ ആസിഫ്, അവർക്ക് കൃത്യമായ ലക്ഷ്യങ്ങളില്ലെന്നും ആരോപിച്ചു. ഇസ്ലാമാബാദിൽ യു.എസ് - ഇറാൻ ചർച്ചകൾക്ക് പാകിസ്താൻ മധ്യസ്ഥത വഹിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രതിരോധ മന്ത്രിയുടെ ഈ കടുത്ത പരാമർശങ്ങൾ പുറത്തുവന്നത്.
"ഒരു വശത്ത് സമാധാന ചർച്ചകൾ നടക്കുമ്പോൾ മറുവശത്ത് ഇസ്രായേൽ ലബനനിലും ഗസ്സയിലും കൂട്ടക്കുരുതി തുടരുകയാണ്. ഗസ്സയും ഇറാനും കഴിഞ്ഞിപ്പോൾ ലബനനിലെ നിരപരാധികളായ ജനങ്ങളെയാണ് അവർ കൊന്നൊടുക്കുന്നത്. ഫലസ്തീൻ മണ്ണിൽ ഈ മാരക വിപത്ത് സൃഷ്ടിച്ചവർ നരകാഗ്നിയിൽ വെന്തുരുകട്ടെ."
— ഖ്വാജ ആസിഫ് (എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്)
ആഗോള തലത്തിൽ വൻ നയതന്ത്ര തർക്കം
ഖ്വാജ ആസിഫിന്റെ പരാമർശത്തിനെതിരെ ഇസ്രായേലും അമേരിക്കയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താൻ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന ഇസ്രായേലിനെ ഇല്ലാതാക്കാനുള്ള ആഹ്വാനമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് കുറ്റപ്പെടുത്തി. സമാധാന ചർച്ചകളിൽ നിഷ്പക്ഷ മധ്യസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിൽ നിന്നും ഇത്തരം നിലപാടുകൾ അംഗീകരിക്കാൻ കഴിയില്ലെന്നും ഇസ്രായേൽ വ്യക്തമാക്കി. ആസിഫിന്റെ പ്രതികരണം കടുത്ത ജൂതവിരുദ്ധതയാണെന്ന് യു.എസ് പ്രതിനിധികളും വിമർശിച്ചു.
അതേസമയം, മേഖലയിലെ സംഘർഷങ്ങൾ കുറയ്ക്കാൻ പാകിസ്താൻ ശ്രമിക്കുമ്പോഴും ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നു എന്നാണ് പാകിസ്താന്റെ നിലപാട്. വൻ നയതന്ത്ര തർക്കങ്ങൾക്ക് വഴിമാറിയതോടെ ഖ്വാജ ആസിഫ് ഈ പോസ്റ്റ് പിന്നീട് എക്സ് പ്ലാറ്റ്‌ഫോമിൽ നിന്നും നീക്കം ചെയ്തു.
