ടെലികോം രംഗത്ത് ആധിപത്യം ഉറപ്പിക്കാനൊരുങ്ങി ഈ രാജ്യം; 2028- ൽ 6ജി അവതരിപ്പിച്ചേക്കും

6G

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ 5ജി സേവനം ഉറപ്പുവരുത്തുന്ന ഈ വേളയിൽ 6ജി മുന്നേറ്റത്തിന് തയ്യാറെടുപ്പുകൾ നടത്തുകയാണ് ദക്ഷിണ കൊറിയ. ടെലികോം രംഗത്ത് ആധിപത്യം നേടുന്നതിന്റെ ഭാഗമായി 2028 ഓടുകൂടി 6ജി നെറ്റ്‌വർക്ക് വികസിപ്പിക്കാനുള്ള നീക്കമാണ് ദക്ഷിണ കൊറിയ നടത്തുന്നത്. ഇതിന്റെ ഭാഗമായുള്ള സാങ്കേതിക പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്.

അടുത്തിടെ 2030 കെ- നെറ്റ്‌വർക്ക് പ്ലാൻ ദക്ഷിണ കൊറിയൻ ഭരണകൂടം അവതരിപ്പിച്ചിരുന്നു. ഈ പ്ലാനിന്റെ ഭാഗമായാണ് 2028- ൽ 6ജി സേവനം അവതരിപ്പിക്കുക. കൂടാതെ, 6ജി സാങ്കേതികവിദ്യ ഉപകരണങ്ങളുടെ ഉൽപ്പാദനത്തിനായി പ്രാദേശിക കമ്പനികൾക്ക് പ്രോത്സാഹനം നൽകുന്നതാണ്. 6ജി സാങ്കേതികവിദ്യകളുടെ സാധ്യത പഠനത്തിനായി 48.17 കോടി ഡോളറിന്റെ പദ്ധതിയും വികസിപ്പിക്കുന്നുണ്ട്.

5ജി സേവനം ഉറപ്പ് വരുത്തുന്നതിൽ നിർണായക പങ്ക് ദക്ഷിണ കൊറിയയ്ക്കും ഉണ്ട്. കഴിഞ്ഞ വർഷത്തെ 25.9 ശതമാനം 5ജി പേറ്റന്റുകളും ദക്ഷിണ കൊറിയയുടെ കരങ്ങളിലാണ്. 5ജി വിന്യസിച്ചതിൽ 26.8 ശതമാനം പേറ്റന്റാണ് ചൈനയ്ക്ക് ഉള്ളത്. 6ജി വികസിപ്പിക്കുന്നതിലൂടെ 30 ശതമാനം പേറ്റന്റുകൾ നേടാനാണ് ദക്ഷിണ കൊറിയയുടെ ശ്രമം.

Share this story