ഇതൊരു വൻ ദുരന്തം; ട്രംപിനും നെതന്യാഹുവിനും എതിരെ ഇസ്രായേലിൽ ജനരോഷം ഇരമ്പുന്നു
തെൽ അവീവ്: അമേരിക്കയും ഇറാനും തമ്മിൽ ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ-സമാധാന കരാറിനെതിരെ ഇസ്രായേലിൽ ഭരണ-പ്രതിപക്ഷ ഭേദമന്യേ കടുത്ത പ്രതിഷേധവും രോഷവും ഉയരുന്നു. ദീർഘകാല സുഹൃത്തായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളെ വഞ്ചിച്ചതായാണ് ഭൂരിഭാഗം ഇസ്രായേലികളും വിശ്വസിക്കുന്നത്. ഇറാനെ പൂർണ്ണമായി അടിച്ചമർത്താനോ അവരുടെ ആണവപദ്ധതികൾ തകർക്കാനോ സാധിക്കാതെ പെട്ടെന്ന് ഒപ്പുവെച്ച ഈ കരാർ വലിയൊരു തെറ്റാണെന്ന് ഇസ്രായേൽ ജനതയും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.
ഈ കരാറിലൂടെ ഇറാൻ കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും കൂടുതൽ പണം കൈക്കലാക്കുമെന്നും ഇസ്രായേലിലെ ഭൂരിഭാഗം ജനങ്ങളും ഭയപ്പെടുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അമിത ആത്മവിശ്വാസവും രാഷ്ട്രീയ പരാജയവുമാണ് ഇസ്രായേലിനെ ഈ അവസ്ഥയിൽ എത്തിച്ചതെന്നാണ് പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നത്.
ഇറാനുമായി ഒപ്പുവെച്ച ഈ പുതിയ കരാർ ലബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരെയുള്ള ഇസ്രായേലിന്റെ സൈനിക നീക്കങ്ങളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. എന്നാൽ ഈ കരാറിനോട് യോജിക്കാനാവില്ലെന്നും ഇസ്രായേലിന്റെ സുരക്ഷ മുൻനിർത്തി സൈനിക നടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് നെതന്യാഹുവും പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കുന്നത്.
