ഇറാനെതിരെ ആയിരക്കണക്കിന് മിസൈലുകൾ സജ്ജം; ഹോർമുസ് പ്രഖ്യാപനത്തിന് സമയപരിധി നിശ്ചയിച്ച് ട്രംപ്
വാഷിംഗ്ടൺ: ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത സൈനിക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്കെതിരെ വധശ്രമത്തിന് മുതിർന്നാൽ ഇറാന്റെ എല്ലാ ഭാഗങ്ങളും പൂർണ്ണമായി തകർക്കാൻ തക്കവണ്ണം ആയിരത്തിലധികം മിസൈലുകൾ ലക്ഷ്യം വെച്ച് സജ്ജമാക്കി നിർത്തിയിട്ടുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സുരക്ഷിതമാണെന്ന് പരസ്യമായി പ്രഖ്യാപിക്കാനും, വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കാനും ഇറാൻ ഭരണകൂടത്തിന് അമേരിക്ക ശനിയാഴ്ച വരെ സമയപരിധി (Deadline) നിശ്ചയിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ അനുകൂല സേന ആക്രമണം നടത്തിയതിനെ തുടർന്നാണ് മേഖലയിൽ വീണ്ടും യുദ്ധപ്രതീതി ഉയർന്നത്. ഇതിന് തിരിച്ചടിയായി യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ തീരദേശ-നാവിക കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.
ചർച്ചകൾ തുടരാൻ ഇറാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിന് യുഎസ് സമ്മതിച്ചിട്ടുണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. എങ്കിലും വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ ഇറാന് മേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താനും സൈനിക നീക്കങ്ങൾ ശക്തമാക്കാനും തന്നെയാണ് അമേരിക്കയുടെ തീരുമാനം. അതെ സമയം, കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം ഒരു വിമത വിഭാഗത്തിന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റാണെന്ന് ഇറാൻ ഉദ്യോഗസ്ഥർ രഹസ്യമായി യുഎസിനെ അറിയിച്ചതായാണ് വിവരം. ഖത്തറിന്റെയും ഒമാന്റെയും മധ്യസ്ഥതയിൽ നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.
