യൂഎസ് സർക്കാർ ഫോണുകളിൽ ഇനി ടിക് ടോക് ഉപയോഗിക്കാം; നിരോധനം നീക്കി അമേരിക്കൻ നീതിന്യായ വകുപ്പ്

ടിക് ടോക്ക്

അമേരിക്കൻ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക ഫോണുകളിൽ ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് (TikTok) ഉപയോഗിക്കുന്നതിനുള്ള നിരോധനം യുഎസ് നീതിന്യായ വകുപ്പ് (DOJ) പിൻവലിച്ചു. ആപ്പിന്റെ നിലവിലെ യുഎസ് പതിപ്പ് സുരക്ഷാ ഭീഷണിയുയർത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഈ നടപടി.

​ചൈനീസ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ (ByteDance) ഉടമസ്ഥതയിലായിരുന്ന ടിക് ടോക്, ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ദേശീയ സുരക്ഷാ ആശങ്കകളെ തുടർന്നാണ് 2022-ൽ സർക്കാർ ഫോണുകളിൽ നിരോധിച്ചത്. എന്നാൽ ഈ വർഷം ജനുവരിയിൽ ടിക് ടോകിന്റെ യുഎസ് പ്രവർത്തനങ്ങൾ 'TikTok USDS' എന്ന പുതിയ സംയുക്ത സംരംഭത്തിന് കീഴിലാക്കി. നിലവിൽ ഇതിന്റെ ഭൂരിഭാഗം ഓഹരികളും അമേരിക്കൻ നിക്ഷേപകരുടെ കൈവശമാണ്.

​ആപ്പിന്റെ പുതിയ സുരക്ഷാ ക്രമീകരണങ്ങളും ഡാറ്റാ കൈകാര്യം ചെയ്യുന്ന രീതിയും മുൻപുണ്ടായിരുന്ന ആശങ്കകൾ ഇല്ലാതാക്കിയതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചു. എങ്കിലും, ജീവനക്കാരുടെ ജോലിസ്ഥലത്തെ ഉൽപ്പാദനക്ഷമത കണക്കിലെടുത്ത് ആപ്പ് വേണമോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സർക്കാർ ഏജൻസികൾക്ക് വിട്ടുനൽകിയിട്ടുണ്ട്. 

Tags

Share this story